തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ-ഫോൺ പ്രകാരം സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിവരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം സേവനം നൽകിയാൽ മതിയെന്നാണ് കെ ഫോൺ അധികൃതർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ഇതോടെ, 6000ലധികം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം നിലയ്ക്കും. ഓഫീസുകൾക്കും ഇനിമുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ ഫോൺ അറിയിച്ചിട്ടുണ്ട്. സേവനം ആവശ്യമെങ്കിൽ സ്കൂളുകൾ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി 2018 മുതലാണ് കെ ഫോൺ പദ്ധതി ആരംഭിച്ചത്. ഐടി വകുപ്പിന് കീഴിൽ കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളുകൾക്ക് പുറമെ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ, എന്നിവയ്ക്കും കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നു.
പദ്ധതിയിൽ വലിയരീതിയിലുള്ള അഴിമതിയുണ്ടെന്ന വിമർശനം തുടക്കം മുതൽ യുഡിഎഫ് ഉയർത്തിയിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ആയിരുന്ന വിഡി സതീശനും പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കരാറുകൾ നൽകിയതിൽ അഴിമതി നടന്നെന്നും ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് കരാറുകൾ അനുവദിച്ചതെന്നും ഇരുവരും ഹരജിയിൽ ആരോപിച്ചു.
സ്കൂളുകളിലടക്കം നിലവിൽ 30, 897 സർക്കാർ ഓഫീസുകളിൽ നിലവിൽ സൗജന്യ കണക്ഷൻ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിനി ഉണ്ടാകില്ലെന്നാണ് കെ ഫോൺ അറിയിപ്പ്. കെ ഫോൺ കണക്ഷൻ ആവശ്യമുണ്ടോ എന്ന് അതാത് സ്കൂളുകൾ സർക്കാരിനെ നേരിട്ട് അറിയിക്കണം. ആവശ്യമുണ്ടെങ്കിൽ ബില്ല് സ്കൂളുകൾ തന്നെ അടയ്ക്കണം. 6000ത്തോളം സ്കൂളുകൾ ഇതോടെ ബില്ലടച്ച് കെ ഫോൺ തുടരുകയോ അല്ലെങ്കിൽ മറ്റ് സർവീസ് പ്രൊവൈഡർമാരെ സമീപിക്കുകയോ വേണം.
Most Read| കോറോ ഹെൽത്ത് പിരിച്ചുവിടൽ; ജീവനക്കാർക്ക് ഏഴുമാസത്തെ ശമ്പളം നൽകും

































