തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ വകുപ്പുകൾ രജിസ്റ്റർ ചെയ്യാൻ പോലീസ്. ആദ്യ കേസിൽ എബേലിന് ജാമ്യം ലഭിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയുമാണ് എബേൽ അഗസ്റ്റിൻ. മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പോലീസ് പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ എബേലിനെതിരെ ഇരുപതിലേറെ പരാതികൾ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം എഫ്ഐആറുകൾ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബേലിനെ ഡിസിപിയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ചൂഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എബേലിന്റെ നവമാദ്ധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും.
സുഹൃത്തുക്കൾ ഉൾപ്പടെ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകൾ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെഎസ് സഹൻഷാ പറഞ്ഞു. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ളീല കുറിപ്പുകളോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.
പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരൂപയോഗം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. എബേലിനെ നിലവിൽ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പോലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ചു നൂറോളം വിദ്യാർഥികൾ മെഡിക്കൽ കോളേജ് സ്റ്റേഷന് മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































