വാഷിങ്ടൻ: അമേരിക്ക-ഇറാൻ സംഘർഷത്തിൽ താൽക്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരായ ആക്രമണത്തിൽ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതായാണ് വിവരം. തുടർച്ചയായ 13ആം ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷത്തിന് അൽപ്പം അയവ് വരുത്തി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു. നിലവിൽ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടൽ സജീവമാക്കിയിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധി പരിഹരിക്കാൻ ഇറാനും ഒമാനും നടത്തുന്ന ചർച്ചകളുടെ ഫലത്തിനായി ട്രംപ് കാത്തിരിക്കുന്നതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഹോർമുസ് സംബന്ധിച്ച് ഒമാൻ സംഘം ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്. ഈ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഈ ആഴ്ച തന്നെ ഒരു കരാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായും വിവരമുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്ന 28 ഇന്ത്യൻ പൗരൻമാരും സുരക്ഷിതരാണെന്നാണ് വിവരം. മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. യുഎസിന്റെ നാവിക ഉപരോധം മറികടന്ന് ഇറാനിയൻ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈലേറ്റതെന്നാണ് റിപ്പോർട്ടുകൾ.
ഇറാനും യുഎസും പരസ്പരം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. പിന്നാലെ ഇറാനിലേക്ക് കപ്പലുകളുടെ പോക്കുവരവ് തടയാനുള്ള നാവിക ഉപരോധം യുഎസും പുനഃസ്ഥാപിച്ചു. ഹോർമുസ് കടലിടുക്ക് സംഘർഷഭരിതമായ സാഹചര്യത്തിൽ ഈ മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ കപ്പൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ആഗോള ഷിപ്പിങ് മേഖലയിൽ നാവികരെ സംഭാവന ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരാഴ്ച മുൻപ് ഹോർമുസിലുണ്ടായ കപ്പൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഹോർമുസിന്റെ സമ്പൂർണ അധികാരികൾ തങ്ങളാണെന്ന് പറയുന്ന ഇറാൻ, കപ്പൽ ഗതാഗതത്തിന് പ്രത്യേക പാതയൊരുക്കിയിട്ടുണ്ട്. ഇതിലൂടെയല്ലാതെ കടലിടുക്കിന്റെ ഒമാൻ തീരത്തുകൂടെ പോകുന്ന കപ്പലുകളെയാണ് ഇറാൻ ആക്രമിക്കുന്നത്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം


































