കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരുകോടിയിലധികം സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തൽ. മിൽ പൂർണമായും കത്തിനശിച്ചു. ഒപ്പം ഒരു ലോറിയും മെഷീനുകളിൽ കത്തിനശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 10.30ഓടെയാണ് ബേപ്പൂർ ഒഎം റോഡിലെ പോത്തഞ്ചേരി അശോകിന്റെ ഉടമസ്ഥതയിലുള്ള ‘രേണുക’ എന്ന വെളിച്ചെണ്ണ മില്ലിൽ വൻ അഗ്നിബാധ ഉണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെ തൊഴിലാളികൾ ജോലി കഴിഞ്ഞു മടങ്ങിയിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.
കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിൽ നിന്ന് പടർന്ന തീ മിനിറ്റുകൾക്കുള്ളിൽ മില്ലിലുടനീളം പടരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് 15ഓളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി എട്ടുമണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തിനുള്ളിലേക്ക് ഫയർഫോഴ്സ് സേനയ്ക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് മില്ലിന്റെ ചുമരുകൾ തുരന്നാണ് സേന അകത്തുകയറി രക്ഷാപ്രവർത്തനം നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് പാക്ക് ചെയ്തുവച്ചിരുന്ന വെളിച്ചെണ്ണയും കാനുകളും ടൺ കണക്കിന് ഉണങ്ങിയ കൊപ്രയും പ്ളാന്റിലെ യന്ത്ര സാമഗ്രികളും പൂർണമായി കത്തിനശിച്ചു.
എണ്ണ നിറച്ചിരുന്ന ലോറിയുടെ ടാങ്കിലേക്ക് തീ പടരുകയും അതിൽ നിന്ന് ഡീസൽ ഒഴുകിപ്പടർന്നതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഒരേസമയം രണ്ട് ഭാഗത്തുനിന്നാണ് തീ കത്തിയത്. വലിയതോതിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ആദ്യം മീഞ്ചന്തയിൽ നിന്ന് മൂന്ന് യൂണിറ്റെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പിന്നാലെയാണ് കൂടുതൽ യൂണിറ്റുകൾ എത്തിയത്.
Most Read| നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല



































