അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്‌റ്റ് എട്ടുമുതൽ

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

By Senior Reporter, Malabar News
Food Minister Anoop Jacob
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സപ്ളൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ഓഗസ്‌റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അന്നേദിവസം വൈകീട്ട് 4.30ന് എറണാകുളത്ത് മുഖ്യമന്ത്രി വിഡി സതീശൻ ട്രേഡ് ഫെയർ ഉൽഘാടനം ചെയ്യുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായാണ് സിവിൽ സപ്ളൈസ് വകുപ്പ് ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്.

ഇതിന് പുറമെ 11 ജില്ലകളിൽ ഓഗസ്‌റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്‌റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.

ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടൺ അരിയും 24,506.291 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ മാസത്തെ സബ്‌സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ഓഗസ്‌റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും.

നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എൻപിഎസ്, എൻപിഎൻഎസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കാർഡുടമകൾക്കും ഗോതമ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ്റ് ആദ്യവാരം ആരംഭിക്കും. 25നകം വിതരണം പൂർത്തിയാക്കും. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്‌ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണക്കിറ്റ് വിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം എന്നിവയ്‌ക്കായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു. വിപണിയിലെ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും തടയാൻ ജില്ലാ കലക്‌ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് ഓഗസ്‌റ്റ് മുതൽ പരിശോധന ശക്‌തമാക്കും. വിലനിലവാരം നിരീക്ഷിക്കുന്ന പ്രൈസ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 50,000 മുൻഗണനാ റേഷൻ കാർഡുകൾ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം 73,024 അപേക്ഷകൾ അംഗീകരിച്ച് പുതിയ കാർഡുകൾ അനുവദിക്കാനായതായി മന്ത്രി അറിയിച്ചു.

പുതിയ കാർഡുകളുടെ സംസ്‌ഥാനതല വിതരണ ഉൽഘാടനം ഓഗസ്‌റ്റ് 3ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. 30 ഉന്നതികളിൽ കൂടി സഞ്ചരിക്കുന്ന റേഷൻ കടകൾ പുതുതായി ആരംഭിക്കുമെന്നും ഇതിന്റെ ഉൽഘാടനം ഓഗസ്‌റ്റ് 7ന് കാസർകോട് ജില്ലയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE