തിരുവനന്തപുരം: കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
കാപ്പാക്കേസ് പ്രതിയെ അയോഗ്യനാക്കുക എന്ന ആവശ്യമുയർത്തി യോഗനടപടികൾക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. അതിനിടെ, കൗൺസിലർ ആർ സുഗതൻ അവധി അപേക്ഷ നൽകിയതായി മേയർ വിവി രാജേഷ് അറിയിച്ചു. 51 പേർ അവധി അപേക്ഷയെ പിന്തുണച്ചതിനാൽ അപേക്ഷ പാസാക്കിയതായും അദ്ദേഹം അറിയിച്ചു.
പൗണ്ട്കടവിൽ വാർഡിൽ നിന്ന് വിജയിച്ച സുധീഷ് ആണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് വിമതനാണ് സുധീഷ്. സഹപ്രവർത്തകനായ ആർ സുഗതനെയാണ് താൻ പിന്തുണച്ചത്, ബിജെപിയെ അല്ലെന്ന് സുധീഷ് പ്രതികരിച്ചു. സുഗതൻ വ്യക്‌തിപരമായി ആവശ്യപ്പെട്ടുവെന്നും സുധീഷ് പറഞ്ഞു.
അയോഗ്യത മറികടക്കാനുള്ള നീക്കമായിരുന്നു സുഗതന്റെ അവധി അപേക്ഷ. ഇതോടെ ആർ സുഗതന് ആറുമാസത്തേക്ക് കൗൺസിലിൽ ഹാജരാകുന്നത് ഒഴിവായി. ആഭ്യന്തര വകുപ്പിന്റെ സർക്കുലറിന്റെ പശ്‌ചാത്തലത്തിലാണ് അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ വ്യക്‌തമാക്കി. എന്നാൽ, മുനിസിപ്പാലിറ്റി നിയമപ്രകാരം അവധി അനുവദിക്കാനുള്ള വകുപ്പ് ഇല്ലെന്ന് കൗൺസിലർ ശബരീനാഥൻ പ്രതികരിച്ചു.
നിയമ അറിയാതെയാണ് മേയർ പ്രവർത്തിക്കുന്നതിനും തീരുമാനം ചട്ടലംഘനമാണെന്നും ശബരീനാഥൻ ആരോപിച്ചു. യോഗനടപടികൾ തുടരുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം കടുപ്പിച്ചു. അതോടെ നടപടികൾ ബഹളത്തിൽ മുങ്ങി. എങ്കിലും വിവിധ വിഭാഗങ്ങളുടെ അജണ്ടയുമായി കൗൺസിലർ മുന്നോട്ട് പോവുകയായിരുന്നു. അജണ്ടകൾ പാസാക്കിക്കൊണ്ട് യോഗം അവസാനിപ്പിക്കുകയും ചെയ്‌തു.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാനാണ് അവധി അപേക്ഷയുമായി ഭരണപക്ഷം രംഗത്തെത്തിയത്. അപേക്ഷ വോട്ടിനിടണമെന്നായിരുന്നു എൽഡിഎഫ്-യുഡിഎഫ് അംഗങ്ങളുടെ ആവശ്യം. ഇത് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതനെ മുനിസിപ്പൽ ആക്‌ട് പ്രകാരം അയോഗ്യനാക്കാം. 101 അംഗങ്ങളാണ് കോർപറേഷനിൽ ഉള്ളത്. 50 സീറ്റുള്ള ബിജെപി പിന്തുണയ്‌ക്കൊപ്പമാണ് കോൺഗ്രസ് വിമതനും ഇന്ന് സുഗതന്റെ അവധി അപേക്ഷയെ പിന്തുണച്ചത്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും





































