വ്യാപക പരാതി; ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവയ്‌ക്കാൻ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

By Senior Reporter, Malabar News
Fresh Cut Waste Plant Protest

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവയ്‌ക്കാൻ ബോർഡ് ചെയർപേഴ്‌സൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോഴി അറവ് മാലിന്യ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ വ്യാപക പരാതികളാണ് സമീപകാലത്തായി ഉയർന്നത്.

ഇവിടെ നിന്ന് സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയതോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. മലിനീകരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടിയിലേക്ക് കടന്നത്.

നേരത്തെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986ലെ പരിസ്‌ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്‌ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും കമ്പനിയിൽ നിന്ന് മലിനീകരണം  തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നത്.

മാലിന്യ സംസ്‌കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിൽ ഉൾപ്പടെയുണ്ടായ വലിയതോതിലുള്ള ജലമലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്‌. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.

ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്‌തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നുവരികയായിരുന്നു. മലിനീകരണ പ്രശ്‌നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്‌തമാവുകയും ചെയ്‌ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ.

കഴിഞ്ഞ ഒക്‌ടോബർ 21ന് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ളോക്ക് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാംപ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Most Read| മഴ തുടരും; നാളെ വിവിധ ജില്ലകളിൽ താലൂക്ക് അടിസ്‌ഥാനത്തിൽ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE