ന്യൂഡെൽഹി: യുപിഐ പണമിടപാടുകൾക്ക് സേവനനിരക്ക് ഈടാക്കില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ അവതരിപ്പിച്ചത് മുതൽ ഉപഭോക്‌താക്കൾക്ക് സേവനം സൗജന്യമാണ്. ഇടപാടുകൾക്ക് ചാർജ് നൽകാതെ തുടർന്നും ഉപയോഗിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
അതേസമയം, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്‌റ്റംസ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നേരത്തെ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. ഏതൊക്കെ ഇലക്‌ട്രോണിക്‌സ് പേയ്‌മെന്റ് രീതികളും ഇടപാടുകളുമാണ് സൗജന്യമായി തുടരേണ്ടതെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകുന്നതാണ് പുതിയ ബിൽ.
ഭാവിയിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്-എംഡിആർ) ഈടാക്കാൻ വഴിതുറക്കുന്ന ഭേദഗതി അടങ്ങിയ ബില്ലാണ് പാസാക്കിയത്. പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്‌മെന്റ് സേവനദാതാവ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ).
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ഉണ്ടെങ്കിലും ഡിജിറ്റൽ പണമിടപാട് പ്രോൽസാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യുപിഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡുകൾക്കും ഇത് ഈടാക്കുന്നില്ല. എംഡിആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപഭോക്‌താക്കളിൽ എത്തുമോയെന്നാണ് ആശങ്ക.
Most Read| ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു



































