കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട്.
പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈമാസം ആറാം തീയതിയും പത്താം തീയതിയും കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, പ്രതികൾ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2021ലാണ് അഗസ്‌റ്റിൻ സഹോദരൻമാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്‌ഥാപന ഉടമ എംഎം അലിയാർ പരാതി നൽകിയത്. 104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്‌റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്.
ഇവ അലിയാരുടെ സ്‌ഥാപനത്തിലാണ് വിറ്റത്. പിന്നീടാണ് അനധികൃതമായി കടത്തിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. ഈ കേസിലാണ് കോടതി ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് വീണ്ടും ഈമാസം 18ന് പരിഗണിക്കും. കേസിൽ താനൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
Most Read| ‘കേരള’ എന്നതിന് പകരം ഇനി ‘കേരളം’; ബില്ല് ലോക്‌സഭ പാസാക്കി

































