ന്യൂഡെൽഹി: പൈലറ്റുമാർക്കിടയിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ. ഇനിമുതൽ എല്ലാ പൈലറ്റുമാരിലും ലഹരി പരിശോധന നിർബന്ധമാക്കണമെന്നാണ് കമ്പനി നിർദ്ദേശം. ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നിർദ്ദേശം.
പ്രവർത്തന മേൽനോട്ടം ശക്‌തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയിലെ പൈലറ്റുമാർക്കാണ് പരിശോധന നിർബന്ധമാക്കിയത്.
ഗുരുഗ്രാം അക്കാദമിയിലെ പരിശീലന വേളയിലും വിമാന സർവീസിന് ശേഷമുള്ള ബ്രീഫിങ് സെന്ററുകളിലും ഓഫീസുകളിലും വച്ചായിരിക്കും പരിശോധന നടത്തുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ വിശ്വാസം നിലനിർത്താനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുമാണ് നടപടിയെന്ന് എയർ ഇന്ത്യ വ്യക്‌തമാക്കി.
ഇതുവരെ വർഷത്തിൽ പത്ത് ശതമാനം ക്രൂ ജീവനക്കാരിൽ മാത്രമേ എയർ ഇന്ത്യ ഡ്രഡ് ടെസ്‌റ്റ് നടത്തിയിരുന്നുള്ളൂ. എന്നാൽ, വിമാനം അപകടപ്പെട്ടതിന് പിന്നാലെയാണ് പരിശോധന കടുപ്പിക്കുന്നത്. ഓഗസ്‌റ്റ് നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്‌ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്‌ചയിലേക്ക് പതിച്ചത്.
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ, വാതിലുകൾ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലാവുകയും ചെയ്‌തു. പിന്നാലെയാണ് താഴ്‌ചയിലേക്ക് പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്‌ക്ക് വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
എന്നാൽ, വ്യക്‌തിപരമായ പ്രശ്‌നങ്ങൾ കാരണം തനിക്ക് ഉറക്കഗുളികകൾ നിർദ്ദേശിച്ചിരുന്നുവെന്നും ആ മരുന്നുകൾ കഴിച്ചതാണ് പരിശോധനാ ഫലം പോസിറ്റീവാകാൻ കാരണമെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞതായാണ് റിപ്പോർട്.
Most Read| PCWF എവർഗ്രീൻ ‘പൊൻകതിർ പുരസ്‌കാരം’ മുനീറ കൊരണപ്പറ്റക്ക്




































