തിരുവനന്തപുരം: മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ കർണാടക ബിഡദിയിൽ കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ആസൂത്രിത ശ്രമം. മൂന്നിലധികം പേർ ബസിന്റെ ചില്ലിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്നുതവണ മുട്ടയേറുണ്ടായി. ഈ സമയം ബസിൽ 12ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് സ്വദേശികളായ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടമുണ്ടായ സ്‌ഥലത്തിന് സമീപമാണ്, മറ്റൊരു കെഎസ്ആർടിസി ബസിന് നേരെ കഴിഞ്ഞദിവസം അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്ത് നൽകി.
ഫൊറൻസിക് പരിശോധന നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആർടിസിയും അന്വേഷണം ആവശ്യപ്പെട്ട് കർണാടക പോലീസിന് പരാതി നൽകി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചത്. 20 പേർക്ക് പരിക്കേറ്റു.
ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ബിഡദിക്ക് സമീപം ഈമാസം എട്ടിന് രാവിലെ 6.45ഓടെയായിരുന്നു അപകടം. കോഴിക്കോട് വെള്ളയിൽ സ്വദേശി ഡ്രൈവർ മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ബസ് പാതയോരത്തെ വലിയ സൈൻബോർഡ് കമാനത്തിൽ ഇടിക്കുകയും സൈൻ ബോർഡ് തകർന്ന് വീഴുകയും ബസ് ഒരുവശത്തേക്ക് മറിയുകയും ചെയ്‌തുവെന്നാണ് പ്രാഥമിക നിഗമനം.
Most Read| ദാനം ലഭിച്ച ഹൃദയവുമായി 13ആം വർഷം; സന്തോഷം പങ്കുവെച്ച് ശ്രുതി





































