അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തെ തുടർന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ചികിൽസയിൽ ആയിരുന്ന നിരവധി കുഞ്ഞുങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.
പുലർച്ചെ 3.30ഓടെ ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്. ജില്ലാ ആശുപത്രിയിലെ സ്പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവ സമയത്ത് 39 നവജാത ശിശുക്കളാണ് ചികിൽസയിൽ ഉണ്ടായിരുന്നത്.
ഗുരുതരമായി പൊള്ളലേൽക്കുകയും പുക ശ്വസിക്കുകയും ചെയ്തതിനെ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ആറ് നവജാത ശിശുക്കളെ ചികിൽസയ്ക്കായി അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാസം തികയാതെ ജനിച്ചവരും ഗുരുതരാവസ്ഥയിൽ ഉള്ളവരുമായി കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിൽസയിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതായും മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവുങ്കുലെ പറഞ്ഞു. തീപ്പിടിത്തത്തെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രി ജീവനക്കാരെയും മറ്റു കുട്ടികളെയും സുരക്ഷിതമായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ





































