ന്യൂഡെൽഹി: രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്‌റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത് ശുദ്ധീകരണം നടത്തിയ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്‌താവന.
ബിജെപിക്കെതിരെയും ആർഎസ്എസിനെതിരെയും രാഹുൽ ഗാന്ധി രൂക്ഷവിമർശനം നടത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും കേസ് എടുപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തൊട്ടുകൂടായ്‌മയുടെ മറ്റൊരു രൂപമാണ് ഈ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച രാഹുൽ, ഇത് ഭരണഘടനാ ലംഘനമാണെന്നും പറഞ്ഞു.
ഡെൽഹിയിലെ കോൺഗ്രസ് ആസ്‌ഥാനത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. രാജസ്‌ഥാനിൽ കോൺഗ്രസ് നേതാവ് ക്ഷേത്രം സന്ദർശിച്ചതിന് ശേഷം ബിജെപി നേതാക്കളെത്തി ശുദ്ധീകരണം നടത്തി. ജീവിതം മുഴുവൻ രാജ്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടി സമർപ്പിച്ച മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദിയിലും ശുദ്ധീകരണ ചടങ്ങ് നടന്നു.
ഇതൊക്കെ ചെയ്യുന്നത് ബിജെപിയിലെയും ആർഎസ്എസിലെയും ആളുകളാണെന്നും രാഹുൽ ആരോപിച്ചു. നിലവിൽ രാജ്യത്ത് ഭരണഘടനയുടെയും ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശസ്‌ത്രങ്ങൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനാപരമായ സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നു. സ്‌കൂളുകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ ഇപ്പോഴും ദളിത് കുട്ടികളെ നിർബന്ധിക്കുന്നു. കുടിവെള്ളം ഉപയോഗിക്കുന്നതിലും വിവേചനം നിലനിൽക്കുന്നു. ദളിതർക്ക് പൊതുകിണറുകളിൽ നിന്ന് ജലമെടുക്കാൻ അനുവാദം നൽകാത്തതിനാൽ സ്വന്തമായി കിണർ കുഴിക്കേണ്ടി വരുന്നു. ചായക്കടകളിൽ പോലും ജാതി വിവേചനം കാണാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം







































