തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ പരിക്കേറ്റ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ്. എസ്സി, എസ്ടി വകുപ്പുപ്രകാരം ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംഭവം. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കത്തിന് തുടക്കം.
യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളേജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മറുഭാഗത്തിന്റെ ആക്ഷേപം.
വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തന്നെക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയതാണ് താൻ ചൊദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കുന്നു. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പടെ വലിച്ചുകീറിയെന്നും കൈ പിടിച്ചുവലിച്ചെന്നും എംഎൽഎ ആരോപിച്ചു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എംഎൽഎ ചികിൽസ തേടി. പോലീസ് ആശുപത്രിയിൽ എത്തിയാണ് എംഎൽഎയുടെ മൊഴിയെടുത്തത്. മൊഴികൾ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തത് സംബന്ധിച്ചും അന്വേഷണമുണ്ടാകും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































