തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പോലീസ് പ്രാഥമിക റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കോട്ടയം സ്വദേശിനിയായ അനില രണ്ട് സുഹൃത്തുക്കളെയും കൊലപ്പെടുത്തിയത്. അതിക്രൂരമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കൊലപാതകങ്ങളിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്‌തമായിട്ടില്ല. കൊലപാതകം നടത്തിയ അനിലക്കെതിരെ (32) കുറ്റകരമായ നരഹത്യക്ക് മിൽപിറ്റ്‌സ് പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്‌റ്റ് 28ആം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവരെയാണ് അനില കൊലപ്പെടുത്തിയത്.
കലിഫോർണിയയിലെ മിൽക്രീക്ക് അപ്പാർട്ട്മെന്റിലാണ് മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന അഞ്‌ജനയെ ഫോണിൽ വിളിച്ചു താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആനിനെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തികൊലപ്പെടുത്തുകയും ആയിരുന്നു. അപ്പാർട്ട്മെന്റിന് അടുത്തായി ഒരു സ്‌ഥലത്ത് ഇടിച്ചുകയറ്റിയ നിലയിൽ കാറിൽ നിന്നാണ് അനിലയെ പോലീസ് പിടികൂടിയത്.
അതേസമയം, ആൻ മേരി മാത്യുവിന്റെ മൃതദേഹം നാളെ സാൻഫ്രാൻസിസ്‌കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്‌ക്കും. അമേരിക്കൻ സമയം ഉച്ചയ്‌ക്ക് 12.30 മുതൽ നാലുവരെയാണ് പൊതുദർശനം. അഞ്‌ജനയുടെയും ആനിന്റെയും മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ആനിന്റെയും അഞ്‌ജനയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് വിട്ടുകിട്ടാൻ മരണസർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പോലീസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയ ശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കൾ നാട്ടിലേക്ക് തിരിക്കൂ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































