തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്ന് പിഎസ്സി അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്സിയുടെ തീരുമാനം.
ആസൂത്രണ ബോർഡിലെ പിഎസ്സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചത്.
ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തുകൊണ്ട് എസ്ഐടി ഡിജിപിക്ക് റിപ്പോർട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേൽനോട്ടം വഹിക്കുന്നത്.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളുമായി ബന്ധപ്പെട്ട പരീക്ഷാ നടത്തിപ്പിൽ തെറ്റുപറ്റിയെന്ന് ബോർഡിലെ പിഎസ്സി തുറന്നു സമ്മതിച്ചിരുന്നു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
Most Read| പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണം; കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം




































