തിരുവനന്തപുരം: പിഎസ്സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നും എസ്ഐടിക്ക് നിയമോപദേശം. ക്രൈം ബ്രാഞ്ച് ഓഫീസിലോ അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ പിഎസ്സി അംഗങ്ങൾ ഹാജരാകണമെന്നാണ് നിയമോപദേശത്തിലെ നിർദ്ദേശം.
പിഎസ്സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ പിഎസ്സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്നും ആവശ്യമെങ്കിൽ ചേമ്പറിലെത്തി ചോദ്യം ചെയ്യാമെന്നുമാണ് പിഎസ്സി ചെയർമാൻ നേരത്തെ നിലപാടെടുത്തത്.
ഇക്കാര്യം വ്യക്തമാക്കി ചെയർമാൻ കത്ത് നൽകിയതോടെയാണ് ചോദ്യം ചെയ്യലുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം മറ്റു നിയമപരമായ വഴികൾ തേടിയത്. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് കേസിലാണ് പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങിയത്. എന്നാൽ, ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ നിലപാട്.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേൽനോട്ടം വഹിക്കുന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം



































