തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ ഗുരുതരാവസ്‌ഥയിലായ യുവതി മരിച്ചു. വേങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി വിദ്യയാണ് (45) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ളിനിക്കൽ നടത്തിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി.
ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ളിനിക്കൽ കയ്യിലെ കൊഴുപ്പ് നീക്കാനായി സെപ്‌തംബർ 16ആം തീയതിയാണ് വിദ്യയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പായി വിദ്യക്ക് അനസ്‌തേഷ്യ നൽകിയിരുന്നു. തുടർന്ന് 11.30ഓടെ നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ഉച്ചയ്‌ക്ക് 2.15ഓടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു. അനസ്‌തേഷ്യയിലേ പാകപ്പിഴവും തുടർ ചികിൽസ നൽകിയതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ളിനിക്കിന്റെ വിശദീകരണം. സംഭവത്തിൽ തിരുവല്ല പോലീസ് വിദ്യയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു വിദ്യ. മടപ്പള്ളിയിൽ വ്യാപാരിയായ എസ് സന്തോഷ് ആണ് ഭർത്താവ്. സിദ്ധാർഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കൾ.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































