ഇസ്ലാമാബാദ്: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമെന്ന് പാക്കിസ്ഥാനും തുർക്കിയും. യെമനിലെ ഹൂതി വിമതർ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും പിന്തുണയുമായി എത്തിയത്. മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധസേനാ മേധാവികൾ വെള്ളിയാഴ്ച റിയാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സൗദിയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിൽ കൂട്ടായ പ്രതിരോധം ഉറപ്പാക്കുമെന്ന് രാജ്യങ്ങൾ ആവർത്തിച്ചതായി പാക്ക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സൗദി, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് കഴിഞ്ഞമാസം ഒപ്പുവെച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമായാണ് കൂട്ടായ പ്രതിരോധത്തിന് ധാരണയായത്.
സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാർ. കരാറിലെ വ്യവസ്ഥകൾ ഉടൻ പ്രായോഗിക സൈനിക സഹകരണമായി മാറ്റാനുള്ള തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായെന്നും പാക്കിസ്ഥാൻ അറിയിച്ചു.
സൗദി നേരിടുന്ന സുരക്ഷാ ഭീഷണികളും മേഖലയിലെ സാഹചര്യവും യോഗം വിലയിരുത്തി. വിശുദ്ധ നഗരമായ മക്കയേയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെ യോഗം അപലപിച്ചു. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ യുഎൻ പൊതുസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം


































