കാസർഗോഡ്: വന്ദേമാതരം വിവാദത്തിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരം സെമിനാർ ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കാൻ ഇടതു സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പടെയുള്ള പ്രമുഖർക്ക് ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ അധികാരം മറികടന്ന് ചാൻസലറുടെ ഓഫീസ് ഇടപെട്ടതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വന്ദേമാതരം മുഈഴുവനായി ആലപിക്കാനുള്ള തീരുമാനവും ഇത്തരം വിഷയങ്ങളിൽ ജനാധിപത്യപരമായ ചർച്ചകൾ നടത്താത്തതിലുള്ള അമർഷവുമാണ് ബഹിഷ്‌കരണത്തിന് കാരണമായത്. ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് സെനറ്റ് അംഗങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും വിഷയത്തിൽ അനുരഞ്‌ജനത്തിന് ചാൻസലറോ സർവകലാശാല അധികൃതരോ തയ്യാറായില്ലെന്നും ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു.
വിഷയം ചോദ്യം ചെയ്‌ത് ചില ഇടതു സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങൾ സെനറ്റിൽ ചർച്ച ചെയ്യുന്നത് അനാവശ്യമായ മാദ്ധ്യമശ്രദ്ധ ക്ഷണിച്ചുവരുത്തുമെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചാൻസലർ ഓഫീസ് വഴി മാത്രം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിക്കെതിരെയാണ് തങ്ങളുടെ ശക്‌തമായ വിയോജിപ്പെന്ന് ഇടതു അംഗങ്ങൾ വ്യക്‌തമാക്കി.
Most Read| യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന



































