തിരുവനന്തപുരം: അഴിമതി അന്വേഷണങ്ങളുടെ ഉള്ളറകളിലേക്ക് ജനങ്ങൾ നോക്കുന്ന ജനാലയാണ് വിവരാവകാശ നിയമം. വിഡി സതീശൻ സർക്കാർ ആ ജനാലയുടെ ഒരു പാളി കൂടി അടച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്‌ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കുന്ന വിജ്‌ഞാപനം വ്യാഴാഴ്‌ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വകുപ്പ് 24(4) പ്രകാരം പൊതുഭരണ വകുപ്പാണ് വിജ്‌ഞാപനം ഇറക്കിയത്.
അഴിമതി അന്വേഷിക്കുന്ന സംവിധാനത്തിനുമേൽ സർക്കാർ കൂടുതൽ രഹസ്യക്കവചം തീർക്കുമ്പോൾ ഉയരുന്ന ചോദ്യം, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കൂടുതൽ നിയന്ത്രിക്കേണ്ട സാഹചര്യം എന്താണ്? മുഖ്യമന്ത്രി വിഡി സതീശനെ സംബന്ധിച്ച, ഒരു വിജിലൻസ് റിപ്പോർട്ട് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് വിജ്‌ഞാപനമെന്നതും ശ്രദ്ധേയമാണ്.
സംരക്ഷിക്കുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവമാണോ, അതോ അധികാരത്തിലുള്ളവർക്ക് അസൗകര്യമാകുന്ന വിവരങ്ങളാണോ എന്ന ചോദ്യത്തിന് വ്യക്‌തമായ മറുപടി നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. ജനങ്ങളുടെ പരിശോധന പരിമിതപ്പെടുത്തുന്ന തീരുമാനത്തെ ന്യായീകരിക്കാൻ ‘രഹസ്യസ്വഭാവം’ എന്ന ഒറ്റവാക്ക് മതിയാകില്ല.
ഉമ്മൻ ചാണ്ടി സർക്കാർ 2006ൽ എട്ട് ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിലെ ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതേ പട്ടികയിലേക്കാണ് ഇപ്പോൾ വിജിലൻസിന്റെ രണ്ട് സെക്ഷനുകളെക്കൂടി ചേർത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ഉമ്മൻ ചാണ്ടി ഭരണകാലത്ത് 2016ൽ വിജിലൻസിന്റെ ടി ബ്രാഞ്ചിന് നൽകിയ പ്രത്യേക ഒഴിവാക്കൽ പിന്നീട് പിൻവലിക്കപ്പെട്ടിരുന്നു. ആ പശ്‌ചാത്തലത്തിൽ പുതിയ തീരുമാനം, മുമ്പ് തുറന്നുകൊടുത്ത പൊതുപരിശോധനയുടെ വാതിൽ വീണ്ടും ഇടുങ്ങിയതാക്കുന്ന നടപടിയാണ്.
എന്ത് രഹസ്യം സംരക്ഷിക്കാനാണ് കൂടുതൽ മറ?
അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാക്കണമെന്ന ആവശ്യമല്ല പൊതുസമൂഹം ഉയർത്തുന്നത്. വിവരസ്രോതസുകളുടെ തിരിച്ചറിയൽ, സാക്ഷികളുടെ സുരക്ഷ, വരാനിരിക്കുന്ന പരിശോധനകൾ, തെളിവുശേഖരണത്തിന്റെ നിർണായക ഘട്ടങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പരിശോധിക്കാത്ത ആരോപണങ്ങൾ പുറത്തുവിട്ട് വ്യക്‌തികളെ അപകീർത്തിപ്പെടുത്താനും പാടില്ല.

ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വിവരാവകാശ നിയമത്തിൽ നേരത്തേ തന്നെ ശക്‌തമായ വ്യവസ്‌ഥകളുണ്ട്. അന്വേഷണത്തെ തടസപ്പെടുത്തുന്ന വിവരങ്ങൾക്കും വ്യക്‌തികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന വിവരങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകാം. അതിനാൽ പ്രത്യേക വിവരങ്ങൾ തടയാനുള്ള വ്യവസ്‌ഥകൾ നിലനിൽക്കുമ്പോൾ, രണ്ട് സെക്ഷനുകളെ കൂടി, പൊതുസമൂഹത്തിന് മുന്നിൽ കൊട്ടിയടച്ചത് എന്തിനാണെന്ന് സർക്കാർ വിശദീകരിക്കണം.
രഹസ്യസ്വഭാവം ആവശ്യമാണെന്ന പൊതുവാദം മാത്രം ഇതിനുള്ള പൂർണ മറുപടിയല്ല. നിലവിലെ സംരക്ഷണങ്ങൾ പര്യാപ്‌തമല്ലാതായ സംഭവങ്ങൾ എന്തൊക്കെയാണ്? വിവരാവകാശത്തിലൂടെ രേഖകൾ നൽകിയതുകൊണ്ട് ഏതെങ്കിലും അന്വേഷണം പരാജയപ്പെട്ടോ? കൂടുതൽ പരിമിതമായ നിയന്ത്രണങ്ങൾ പരിശോധിച്ചോ? രേഖകളുടെ അടിസ്‌ഥാനത്തിലുള്ള മറുപടിയാണ് ഈ തീരുമാനത്തിന് വിശ്വാസ്യത നൽകേണ്ടത്.
ഒരേ ചരടിൽ രണ്ട് വിജ്‌ഞാപനങ്ങൾ
2006 ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടി സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിൽ എട്ട് സ്‌ഥാപനങ്ങളെയാണ് ഒഴിവാക്കിയിരുന്നത്. ആ പട്ടികയിലേക്കാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ ടി1, ടി2 വിഭാഗങ്ങളെയും കൂടി ചേർത്തത്. സർക്കാരിന് കീഴിൽ പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്‌ഥരുടെയും അഴിമതിയും അധികാര ദുർവിനിയോഗവും അന്വേഷിക്കുന്നതിനും തടയുന്നതിനുമായി പ്രവർത്തിക്കുന്ന ഏജൻസിയായ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോയുടേതാണ് ടി1, ടി2 വിഭാഗങ്ങൾ എന്നറിയുമ്പോഴാണ് പൊതുസമൂഹത്തിന്റെ അതീവ ജാഗ്രത ഈ വിജ്‌ഞാപനത്തിലേക്ക് നീളുന്നത്.

ഉന്നത വ്യക്‌തികളുടെ ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും ടി1, ടി2 വിഭാഗങ്ങളിലുണ്ട്. ആവശ്യമെങ്കിൽ രാഷ്‌ട്രീയക്കാർക്കെതിരായ അന്വേഷണങ്ങളും ഇവിടേക്ക് മാറ്റാം. ഏതൊക്കെ ഫയലുകൾ ടി വിഭാഗത്തിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം വിജിലൻസ് ഡയറക്‌ടർക്കുണ്ട്. അതായത് പൊതുസമൂഹം അറിയരുതെന്ന് സർക്കാർ തീരുമാനിച്ചാൽ അത് അറിയിക്കാതിരിക്കാൻ ഈ വിഭാഗങ്ങൾക്ക് കീഴിലേക്ക് കേസുകൾ മാറ്റിയാൽ മതി. ഇതാണ് വിമർശകരുടെ പ്രധാന ആശങ്ക.
2006ൽ പുറത്തുകടത്തിയ എട്ട് വിഭാഗങ്ങൾ
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ 2006 ഫെബ്രുവരി ഏഴിന് പുറപ്പെടുവിച്ച വിജ്‌ഞാപനത്തിലൂടെയാണ് കേരളത്തിലെ എട്ട് ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. അവ ഇനി പറയുന്നതാണ്.
- സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി.
- ക്രൈം ബ്രാഞ്ച് സിഐഡി.
- എല്ലാ ജില്ലകളിലെയും നഗരങ്ങളിലെയും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ.
- ജില്ലാ, സംസ്‌ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോകൾ.
- പോലീസ് ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ്.
- പോലീസ് ആസ്‌ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളിലെയും കോൺഫിഡൻഷ്യൽ സെക്ഷനുകളും.
- സംസ്‌ഥാന, മേഖലാ ഫോറൻസിക് സയൻസ് ലബോറട്ടറികൾ.
- സംസ്‌ഥാന, ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോകൾ.
ഈ പട്ടികയിലേക്കാണ് വിഡി സതീശൻ സർക്കാർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്‌ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെയും കൂടി ചേർത്ത് പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തിന് കൂടുതൽ ശക്‌തമായ കൂച്ചുവിലങ്ങിട്ടത്. എന്നാൽ നിയമപോരാട്ടത്തിന് ഹർജിക്കാർ ഇറങ്ങിയാൽ ഈ വിജ്‌ഞാപനം റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്.

കാരണം, ഒഡിഷയിലെ വിജിലൻസ് വകുപ്പിനെ മുഴുവനായി വിവരാവകാശത്തിന് കീഴിൽ നിന്ന് ഒഴിവാക്കിയ വിജ്‌ഞാപനം നിയമവിരുദ്ധമാണെന്ന് ഒഡീഷ ഹൈക്കോടതി കണ്ടെത്തുകയും പ്രസ്‌തുത വിജ്‌ഞാപനം റദ്ദാക്കുകയും ചെയ്‌തിരുന്നു. മധ്യപ്രദേശിലെ ലോകായുക്‌ത സ്‌പെഷ്യൽ പൊലീസ്, സുരക്ഷാ സ്‌ഥാപനം അല്ലെന്ന് സുപ്രീം കോടതിയും വിധിച്ചിരുന്നു. ഈ വിധികൾ കേരളത്തിലെ ടി വിഭാഗങ്ങൾക്ക് ബാധകമാണോ എന്ന് ഹരജികളെത്തുമ്പോൾ കോടതിയാണ് തീരുമാനിക്കേണ്ടത്.
രസകരമായ കാര്യം; 2006 ഫെബ്രുവരി ഏഴിലെ G.O. (P) No. 43/2006/GAD, S.R.O. No. 127/2006 വിജ്‌ഞാപനത്തിലൂടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ എട്ട് വിഭാഗങ്ങളെ ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഈ പട്ടികയിൽ പ്രത്യേകം പേരെടുത്ത് ഉൾപ്പെടുത്തിയിരുന്നില്ല.
2016 ജനുവരി 27ലെ മറ്റൊരു ഉത്തരവിലൂടെയാണ് ഉമ്മൻചാണ്ടി സർക്കാർ, ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സും ആം ആദ്‌മി പാർട്ടിയും ഇതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി. ഈ കേസിൽ 2022 ജനുവരിയിൽ, പിണറായി സർക്കാർ പ്രസ്‌തുത ഉത്തരവ് റദ്ദാക്കിയെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ആ കേസ് കോടതി അവസാനിപ്പിക്കുകയും ചെയ്‌തു. 2022ൽ പിണറായി സർക്കാർ റദ്ദാക്കിയ ഒഴിവാക്കൽ, നാല് വർഷത്തിനു ശേഷം യുഡിഎഫ് സർക്കാർ മറ്റൊരു രൂപത്തിൽ തിരികെ കൊണ്ടുവന്നത് ആരെ സംരക്ഷിക്കാനാണ്? ഈ വിഷയത്തിൽ, ഇടതു പാർട്ടികൾ സമരത്തിലേക്കും ഹരജികളിലേക്കും നീങ്ങിയില്ലെങ്കിൽ എന്താണ് പൊതുസമൂഹം സംശയിക്കേണ്ടത്?
കെ. സുരേന്ദ്രൻ പറയുന്നു
വിജിലൻസ് വകുപ്പിലെ സുപ്രധാന വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന് പരിധിയിൽ നിന്ന് ഒഴിവാക്കിയതിലൂടെ, അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കളെയും ഉദ്യോഗസ്‌ഥരെയും സംരക്ഷിക്കാൻ വിഡി സതീശൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടത്-വലത് മുന്നണികൾ ഒരുപോലെയാണെന്നും ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, വിജിലൻസ് അന്വേഷണങ്ങൾക്കും പ്രവർത്തനത്തിനും രഹസ്യസ്വഭാവം അനിവാര്യമാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. എന്നാൽ നിലവിലുള്ള നിയമസംരക്ഷണങ്ങൾ എന്തുകൊണ്ട് മതിയാകുന്നില്ലെന്ന ചോദ്യത്തിന് ഈ പൊതുവാദം പൂർണ മറുപടിയാകുന്നില്ല.
ആശങ്കയുയർത്തുന്ന എല്ലാവരുടെയും ചോദ്യം ഒന്നാണ്, മുമ്പ് ചോദ്യംചെയ്യപ്പെടുകയും പിന്നീട് പിൻവലിക്കപ്പെടുകയും ചെയ്‌ത നിയന്ത്രണം തിരിച്ചുകൊണ്ടുവരുമ്പോൾ, അതിനുള്ള പുതിയ കാരണങ്ങളും ആവശ്യകതയും എന്താണ്?
ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന, പരാതിയിൽ എന്തു നടപടിയെടുത്തു? പരിശോധന മാസങ്ങളോളം നീളുന്നതെന്തുകൊണ്ട്? കേസ് അവസാനിപ്പിക്കാൻ രേഖപ്പെടുത്തിയ കാരണം എന്താണ്? ഉന്നതർക്കെതിരായ പരാതികളും സാധാരണ ഉദ്യോഗസ്‌ഥർക്കെതിരായ പരാതികളും ഒരേ മാനദണ്ഡത്തിലാണോ പരിഗണിക്കുന്നത്? ഇത്തരത്തിലുള്ള പൊതുസമൂഹത്തിന്റെ അനേകം ചോദ്യങ്ങളെ പ്രതിരോധിക്കാനുള്ള അവസരമായാണ് വിഡി സതീശൻ സർക്കാരിന്റെ ഈ വിജ്‌ഞാപനമെന്ന ആരോപണത്തെ സർക്കാർ എങ്ങിനെയാണ് നേരിടുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.
അവകാശം കടലാസിൽ മാത്രം ശേഷിക്കുമോ?
ഈ നിലയിൽ വെട്ടിക്കുറച്ചു കൊണ്ടിരുന്നാൽ ‘വിവരാവകാശ നിയമം’ കടലാസിൽ മാത്രം ശേഷിക്കുന്ന അവസ്‌ഥയിലേക്ക് പോകും. നിലവിൽ, പലവകുപ്പുകളിലും സമയബന്ധിതമായി ‘വിവരാവകാശ നിയമം’ പ്രയോഗിക്കാൻ കഴിയാത്ത അവസ്‌ഥയുണ്ട്. ഇതിന് സർക്കാർ പറയുന്ന ന്യായങ്ങളിൽ ഒന്ന്, ഒരു അപേക്ഷയ്‌ക്ക് മറുപടി നിഷേധിക്കപ്പെട്ടാൽ അപ്പീൽ നൽകാനും വിവരാവകാശ കമ്മീഷനെ സമീപിക്കാനും അപേക്ഷകന് അവകാശം ഉണ്ടെന്നാണ്. എന്നാൽ, ഇത്തരം പ്രക്രിയകൾ നീളുമ്പോൾ ആവശ്യപ്പെട്ട വിവരത്തിന്റെ പ്രസക്‌തി കുറയുകയും വിഷയം കാലഹരണപ്പെടുകയും ചെയ്യും എന്നറിഞ്ഞുകൊണ്ടാണ് സർക്കാർ ഈ രീതി പിന്തുടരുന്നത്.
വിവരങ്ങൾ തേടുന്ന സാധാരണ പൗരന് എത്രയും വേഗത്തിൽ വിവരങ്ങൾ നൽകുന്നതിന് പകരം, മിക്ക വകുപ്പുകളും അവർക്ക് ലഭ്യമായ പഴുതുകൾ ശക്‌തമായി ഉപയോഗിക്കുകയും വിവരം തേടുന്നവനെ പിന്തിരിപ്പിക്കുന്ന തരത്തിൽ വലയ്‌ക്കുകയുമാണ് ചെയ്യുന്നത്. ഇത് പൊതുസമൂഹത്തിന് ഭാരമാണ്. പരാതിക്കാരന് സ്വന്തം പരാതിയുടെ തുടർനടപടികൾ പരിശോധിക്കാൻ പ്രയാസമാകുന്നു. മാദ്ധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക രേഖകളുടെ അടിസ്‌ഥാനത്തിൽ ആരോപണങ്ങൾ പരിശോധിക്കാനുള്ള അവസരം കുറയും.

നിലവിലെ അവസ്‌ഥക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതാണ് ഇപ്പോഴത്തെ വിജ്‌ഞാപനം. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളെ എങ്ങനെ പരിഗണിക്കും? വിവരാവകാശ നിയമത്തിലെ സംരക്ഷണം പാലിക്കുന്നുവെന്ന് ആരാണ് ഉറപ്പാക്കുക? ഏതെങ്കിലും രേഖ ടി സെക്ഷനിലേക്ക് മാറ്റിയെന്ന കാരണത്താൽ മാത്രം അപേക്ഷ തള്ളാതിരിക്കാൻ എന്ത് നിർദേശമാണ് നൽകുക? ഈ കാര്യങ്ങളിൽ വ്യക്‌തതയില്ലെങ്കിൽ അവകാശം കടലാസിൽ നിലനിൽക്കുകയും പ്രയോഗത്തിൽ ദുർബലമാകുകയും ചെയ്യും.
ജനങ്ങളുടെ പരിശോധന എന്തിന് ഭയപ്പെടണം?
സർക്കാരിനെ വിശ്വസിക്കണമെന്ന വിശദീകരണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ പരിശോധനയ്‌ക്ക് പകരമാകില്ല. അധികാരം പ്രയോഗിക്കുന്നവർക്ക് വിശദീകരിക്കാനുള്ള ബാധ്യതയുണ്ട്. വിശദീകരണം പരിശോധിക്കാനും ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനും തെരുവിൽ പ്രതിരോധം തീർക്കാനും ജനങ്ങൾക്ക് അവകാശവുമുണ്ട്. അഴിമതിവിരുദ്ധ അന്വേഷണത്തിൽ സംരക്ഷിക്കേണ്ടത് വിവരസ്രോതസുകളും തെളിവുകളും ന്യായമായ നടപടിക്രമവുമാണ്. അന്വേഷണത്തിലെ വീഴ്‌ചകളോ അനാവശ്യ കാലതാമസമോ രാഷ്‌ട്രീയ ഇടപെടലോ സംരക്ഷിക്കപ്പെടാൻ പാടില്ല. ഇവ തമ്മിലുള്ള അതിർവരമ്പ് സർക്കാർ വ്യക്‌തമായി വരയ്‌ക്കണം.
ഉമ്മൻ ചാണ്ടി ഭരണകാലത്തെ ഒഴിവാക്കലിന്റെ വഴിയിലൂടെ കൂടുതൽ മുന്നോട്ടുപോകുന്ന സതീശൻ സർക്കാർ നേരിടുന്ന ചോദ്യം അതുകൊണ്ട് തന്നെ ശക്‌തമാണ്. അന്വേഷണത്തെ സംരക്ഷിക്കാൻ ആവശ്യമായതിലപ്പുറം ജനങ്ങളുടെ അറിയാനുള്ള അവകാശം എന്തിന് നിയന്ത്രിക്കണം? അതിന് രേഖകളോടെയുള്ള മറുപടി ലഭിക്കുന്നതുവരെ വിജിലൻസിന് ചുറ്റും ശക്‌തമാക്കുന്ന രഹസ്യക്കവചം പൊതുപരിശോധനക്ക് വിധേയമാകുക തന്നെ വേണം.
Vanitha| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം






































