തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി ഭൂമി ഏറ്റെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ബിൽ നാളെ നിയമസഭ പരിഗണിക്കും.
കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് മന്ത്രിസഭ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
കിഫ്ബിയെ കുറിച്ച് പഠിച്ച മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാപിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. 13,103 കോടി രൂപയാണ് കിഫ്ബി വഴി അധിക ബാധ്യത വന്നത്. ഭൂമി ഏറ്റെടുക്കൽ പകുതിയിലധികം നടന്നത് കണ്ണൂരിലാണ്. 1000 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതെ ഇട്ടിരിക്കുകയാണ്.
അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്. സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കിഫ്ബിയുടെ മുൻകാല പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
മന്ത്രിമാർക്ക് 25,000 രൂപയുടെ വർധന; എംഎൽഎമാർക്ക് 28,000
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും.
മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർധിക്കുക. നിലവിൽ കേരളത്തിലെ എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പടെ 97,000 രൂപ ലഭിക്കും.
എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. സർക്കാർ നടപടി ധൂർത്താണെന്നായിരുന്നു വിമർശനം.
Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!




































