തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ ഇന്ന് മന്ത്രിസഭ പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.
മന്ത്രിമാർ, പ്രതിപക്ഷ നേതാവിൻ ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആകെ ശമ്പളവും അലവൻസുകളും നിലവിലെ 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായാണ് ഉയർത്തിയത്. എംഎൽഎമാരുടെ പ്രതിമാസം ശമ്പളവും അലവൻസുകളും ഉൾപ്പടെയുള്ള തുക 70,000 രൂപയിൽ നിന്ന് 98,000 രൂപയാകും. ഇതോടൊപ്പം മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിക്കും.
മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ അടിസ്ഥാന ശമ്പളം നിലവിലെ 2000 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്തും. മണ്ഡല ബത്ത 40,000 രൂപയിൽ നിന്ന് 45,000 രൂപയായും കൺവേയൻസ് അലവൻസ് 17,000 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിക്കും. റോഡ് മാർഗമുള്ള യാത്രകൾക്ക് നിലവിൽ കിലോമീറ്ററിന് 15 രൂപയാണ് അനുവദിക്കുന്നത്. ഇത് 20 രൂപയായി ഉയർത്തും.
എംഎൽഎമാരുടെ ശമ്പളത്തിനും വിവിധ അലവൻസുകളിലും വർധനയുണ്ടാകും. നിലവിൽ 70,000 രൂപയുള്ള പ്രതിമാസ ആകെ തുക 98,000 രൂപയായാണ് ഉയർത്തിയത്. എംഎൽഎമാരുടെ സ്ഥിരബത്ത 2000 രൂപയിൽ നിന്ന് 4000 രൂപയായും മണ്ഡല അലവൻസ് 25,000 രൂപയിൽ നിന്ന് 35,000 രൂപയായും വർധിപ്പിക്കും. ഇൻഫർമേഷൻ ബത്ത നിലവിലെ 4000 രൂപയിൽ നിന്ന് 8000 രൂപയാക്കും.
മറ്റു ചെലവുകൾക്കായി അനുവദിക്കുന്ന തുക 8000 രൂപയിൽ നിന്ന് 13,000 രൂപയായി ഉയർത്തും. അതേസമയം, ടെലിഫോൺ അലവൻസിൽ മാറ്റമുണ്ടാകില്ല. നിലവിലുള്ള 11,000 രൂപ തന്നെ തുടരും. എംഎൽഎമാരുടെ യാത്രാബത്തയിലും വർധനവുണ്ട്. നിലവിലെ 20,000 രൂപയിൽ നിന്ന് 30,000 രൂപയായാണ് യാത്രാബത്ത ഉയർത്തുന്നത്.
മുൻ എംഎൽഎമാരുടെ പെൻഷൻ തുകയിലും വർധന വരുത്തും. നിലവിലെ കുറഞ്ഞ പ്രതിമാസ പെൻഷനായി 8000 രൂപ 10,000 രൂപയായി ഉയർത്തും. രണ്ടുവർഷം എംഎൽഎമാരായിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന 8000 രൂപയ്ക്ക് പകരം പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും. മൂന്നുവർഷം എംഎൽഎമാരായിരുന്നവർക്ക് പെൻഷൻ 12,000 രൂപയിൽ നിന്ന് 15,000 രൂപയായും നാലുവർഷം എംഎൽഎമാരായിരുന്നവരുടെ പെൻഷൻ 16,000 രൂപയിൽ നിന്ന് 20,000 രൂപയാണ് ഉയർത്തും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































