തിരുവനന്തപുരം: സർക്കാരുമായി കൂടിയാലോചന നടത്താതെ ബിയർ വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ എക്‌സൈസ് മന്ത്രി എം ലിജുവിന് ലഭിച്ചതായാണ് വിവരം.
ഇതേത്തുടർന്ന് ഉദ്യോഗസ്‌ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകാനാണ് മന്ത്രിയുടെ തീരുമാനം. നിലവിലെ സസ്‌പെൻഷൻ നടപടികൾ ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനാണെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് 10 മുതൽ 12 വർഷം വരെ അടഞ്ഞുകിടക്കുന്ന വൈൻ, ബിയർ പാർലറുകൾക്ക് അപേക്ഷ നൽകി 24 മണിക്കൂറിനകം ബാർ ലൈസൻസ് അനുവദിച്ചതിൽ അസ്വാഭാവികത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ കർശന നടപടി സ്വീകരിക്കും. ബാർ ലൈസൻസ് നൽകിയതിലെ ക്രമക്കേടുകൾ താൻ നേരിട്ട് നടത്തിയ ഇടപെടലിലൂടെയാണ് പുറത്തുകൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. നിൽവിലെ അബ്‌കാരി ചട്ടപ്രകാരം പത്തുമാസം അടഞ്ഞുകിടന്നാൽ ലൈസൻസ് റദ്ദാകും. എന്നാൽ, നിയമ പഴുതുകൾ ഉപയോഗിച്ചാണ് വർഷങ്ങളായി അടഞ്ഞുകിടന്ന സ്‌ഥാപനങ്ങൾക്ക് അടിയന്തരമായി ലൈസൻസ് നൽകിയത്.
ഇതിൽ ഉദ്യോഗസ്‌ഥരുടെ ബഹാഗത്തുനിന്ന് അനാവശ്യമായ ധൃതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ച് താഴെത്തട്ടിലെ ഉദ്യോഗസ്‌ഥർ എക്‌സൈസ് കമ്മീഷണറെയോ സർക്കാരിനെയോ അറിയിക്കാതെ ഇത്തരത്തിൽ തീരുമാനങ്ങൾ എടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് അനുവദിക്കാനും പുതുക്കാനുമുള്ള അധികാരം നൽകിയ ചട്ടങ്ങൾ കഴിഞ്ഞ സർക്കാരാണ് ഭേദഗതി ചെയ്‌തത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ തെറ്റായ നിയമങ്ങൾ ഭേദഗതി ചെയ്യും. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല. മുൻ സർക്കാർ കാണിച്ച തെറ്റായ രീതികൾ തുടരേണ്ട ബാധ്യത നിലവിലെ യുഡിഎഫ് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് ലൈസൻസ് അനുവദിച്ചിരുന്നത്. സംഭവത്തിൽ എറണാകുളം, പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, പിഎൽ ഷിബു എന്നിവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. യുഡിഎഫിന്റെ മദ്യനയ ചർച്ച പൂർത്തിയാകും മുൻപ് ലൈസൻസ് പുതുക്കി നൽകിയത് ഗുരുതര വീഴ്‌ചയാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































