തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഫോണിൽ സംസാരിച്ച പത്മജ, രാജിക്കത്ത് മെയിലിൽ അയച്ചു. വിദേശ സന്ദർശനത്തിലാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയിൽ നിന്ന് രാജിവെച്ചെന്നും അവരുടെ പ്രത്യയശാസ്ത്രവുമായി ചേരാൻ കഴിയില്ലെന്നും പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ബിജെപിയിൽ പോയത് തെറ്റായിപ്പോയി. അവരുടെ ആശയങ്ങളെ കുറിച്ച് പഠിക്കാതെയാണ് പോയത്. മീനിനെ പിടിച്ചു കരയിലിട്ട അവസ്ഥയായിരുന്നു. കെ. കരുണാകരന്റെ മകളാണെന്ന് ഞാൻ ഓർക്കണമായിരുന്നു. മനസ് വിഷമിച്ചിരുന്നപ്പോൾ ആലോചിക്കാതെ എടുത്ത തീരുമാനമായിപ്പോയി. അത് തിരുത്തേണ്ട സമയമാണെന്ന് തോന്നുന്നു. പദവി കിട്ടിയില്ല എന്ന പേരിലല്ല രാജി. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖർ തികച്ചും മാന്യനായ വ്യക്തിയാണ്. അദ്ദേഹം ആ പാർട്ടിയിൽ യോജിച്ച ആളാണോ എന്നുതന്നെ തോന്നിയിട്ടുണ്ട്”- പത്മജ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡെൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവ്ദേക്കറിൽ നിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്.
കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് ജനവിധി തേടിയെങ്കിലും ജയിച്ചിരുന്നില്ല. കോൺഗ്രസിൽ അവഗണന നേരിട്ടെന്ന പരാതി ഉന്നയിച്ച് പാർട്ടി വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് പരിഗണന ലഭിച്ചിരുന്നില്ല.
അതേസമയം, പത്മജ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്നാണ് സൂചന. എന്നാൽ, പത്മജയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രതികരിച്ചു, രാജിവച്ചതിന് ശേഷം പാർട്ടിയിലേക്ക് മടങ്ങിയെത്തണമെന്ന ആവശ്യം ഉന്നയിച്ചാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്മജ തിരിച്ചെത്തുമെന്ന അഭ്യൂഹം പരന്നതോടെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പലരും എതിർപ്പുമായി രംഗത്തുണ്ട്.
പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം. കോൺഗ്രസിലുള്ള കാലത്തും പത്മജയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന വിഭാഗമാണ് ഇപ്പോൾ തിരിച്ചുവരവിനെതിരെ രംഗത്തുള്ളതെന്നാണ് വിവരം. പാർട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും സ്വീകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ വാദം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































