പാലക്കാട്: തൃത്താല പരതൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വെടിവയ്‌പ്പ് കേസിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും.
പരിക്കേറ്റ കുട്ടി ഒരുദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കേസിൽ തോക്ക് കൈവശം വെച്ചതിനെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്‌കൂൾ അധികൃതർക്ക് എതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും. കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോൾവർ ആണ് പിടിച്ചെടുത്തത്.
തോക്ക് ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമിച്ചതാണെന്നും പോലീസ് പറഞ്ഞു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും പോലീസ് പറയുന്നു. ഇതെങ്ങനെ കുട്ടിയുടെ കൈയിൽ വന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
പാലക്കാട് പള്ളിപ്പുറം പരതൂർ ഹൈസ്‌കൂളിൽ. ഇന്നലെ രാവിലെ 11.45ഓടെയാണ് സംഭവം. ക്ളാസിൽ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് ഒമ്പതാം ക്ളാസുകാരന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് വിവരം. കുട്ടിയുടെ തോളെല്ലിനും കൈക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണ് വെടിയേറ്റത്.
Most Read| പാക്കറ്റ് ഭക്ഷണങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ലേബൽ നിർബന്ധം; സുപ്രീം കോടതി




































