തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിൽസയ്ക്കായുള്ള ധനസമാഹരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ക്യാമ്പയിനെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായതിനാലാണ് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏത് ചികിൽസാ രീതിക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാദ്ധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും, അതിനാലാണ് സർക്കാർ സൗജന്യമായി നൽകുന്ന റിസ്ഡിപ്ളാൻ മരുന്നിനെ കുറിച്ച് പരാമർശിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിൽസയ്ക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് പണപ്പിരിവ് ക്യാമ്പയിൻ എന്നായിരുന്നു കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് മന്ത്രിയുടെ പ്രതികരണം. വിദഗ്ധ സമിതി നിർദ്ദേശിച്ചതും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ ഇന്ത്യൻ നിർമിത മരുന്നാണ് നിലവിൽ രോഗികൾക്ക് നൽകുന്നതെന്നും സർക്കാർ നൽകുന്ന ഈ മരുന്നിനെ കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചികിൽസാ സഹായ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി ഇത് തിരുത്തണമെന്നുമായിരുന്നു ആവശ്യം. ഇതേ ആവശ്യം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി രണ്ടുകോടി രൂപ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. 30 കോടി രൂപയാണ് ക്യാമ്പയിനിൽ സമാഹരിച്ചിരിക്കുന്നത്. 50 കോടിയാണ് വേണ്ടത്. ഓമശ്ശേരി കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ-ശാമിലി ദമ്പതികളുടെ മക്കളായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരുടെ ചികിൽസാ സഹായത്തിനായാണ് കേരളം ഒന്നിച്ചുനിൽക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































