ന്യൂഡെൽഹി: മണ്ഡല പുനർനിർണയ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടാണ് വിപ്പ് നൽകിയത്.
വിദേശത്തുള്ള എംപിമാർ എത്രയും വേഗം തിരിച്ചെത്തണമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. അതേസമയം, ബില്ലിനെ പിന്തുണക്കാൻ തീരുമാനിച്ച ഡിഎംകെയും എൻസിപി ശരത് പവാർ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം ഇന്ത്യാ സഖ്യം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈയിലെത്തി സ്‌റ്റാലിനെ നേരിട്ട് കണ്ട് സംസാരിക്കാനാണ് തീരുമാനം. സംഘം ചെന്നിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലുമണിക്കാണ് കൂടിക്കാഴ്‌ച. തിരിച്ചെത്തി രാത്രി എട്ടുമണിക്ക് മുംബൈയിൽ വെച്ച് ശരത് പവാറിനെയും സംഘത്തെയും കാണും. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ ചെന്നൈയിലേക്ക് പോകും. വിഡി. സതീശൻ അടക്കമുള്ള മുഖ്യമന്ത്രിമാരും ഇവർക്കൊപ്പമുണ്ടാകും.
എംഎ ബേബി, മമതാ ബാനർജി ഉൾപ്പടെയുള്ള നേതാക്കളും സംഘത്തിലുണ്ടാകും. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് യാത്ര. അനുനയത്തിന്റെ ഭാഗമായി അഖിലേഷ് യാദവ് സ്‌റ്റാലിനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്. നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വസത്തിലാണ് ബിജെപി.
പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ തേടിയാണ് ബിജെപി നീക്കം നടത്തുന്നത്. ഡിഎംകെയുടെ 22 അംഗങ്ങൾ, എൻസിപി (ശരത് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കാനായാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.
മണ്ഡല പുനർനിർണയത്തിലൂടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. എല്ലാ സംസ്‌ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50% വർധിപ്പിക്കും. സംസ്‌ഥാനങ്ങളുടെ നിലവിലുള്ള സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ തുടരും.
വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന്, ബിൽ വീണ്ടും പാസാക്കാൻ 30 മുതൽ ഡിസംബർ മൂന്നുവരെ പാർലമെന്റിന്റെ പ്രത്യേക സിറ്റിങ് വിളിച്ച് ചേർക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. മഴക്കാല സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം.
Most Read| അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത




































