തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
കേരളത്തില്‍ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മാത്രമാണ് മഴ ലഭിച്ചത്. കോട്ടയം ജില്ലയിലെ കോഴയില്‍ 6 സെന്റിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ തൃശൂര്‍ ജില്ലയിലെ എനമക്കലില് മൂന്ന് സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കൂടാതെ സിയാല്‍ കൊച്ചി, മൂന്നാര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ വീതം മഴയുമാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തിലും പ്രകടമാകും. ആഗസ്ത് 25 – 26 ദിവസങ്ങളില്‍ കേരളത്തില്‍ പ്രത്യേകിച്ചും, തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.
കൂടാതെ കാറ്റിന്റെ സാധ്യത കണക്കിലെടുത്തു പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് – പടിഞ്ഞാറ് അറബിക്കടല്‍, മധ്യ – പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ 24 മുതല്‍ 27 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. 27 ന് ഗുജറാത്ത് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവില്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.