ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്സിൻ സ്വീകരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം.
ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്സിംഗ് ഹോം ജീവനക്കാർക്കും ഉടൻ വാക്സിനേഷൻ ആരംഭിക്കും. ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയാറാകുന്നതെന്ന് നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. “ഞാൻ ഈ വാക്സിനെ വിശ്വസിക്കുന്നു” എന്നാണ് ടെൽ അവീവിലെ ശേബ മെഡിക്കൽ സെന്ററിൽ നിന്നും ഫൈസർ വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ നിർമ്മിത ഫൈസർ വാക്സിൻ ഇസ്രയേലിൽ എത്തിച്ചത്. മോഡേണ, ആസ്ട്രസനേക വാക്സിനുകളും ഇസ്രയേൽ ഓർഡർ ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കോവിഡ് റിസ്ക്ക് കൂടിയ 20 ശതമാനത്തോളം ആളുകളിൽ വാക്സിൻ കുത്തിവെപ്പ് നടത്താനാണ് ഇസ്രയേൽ തീരുമാനിച്ചിരിക്കുന്നത്.
Read also: കോവിഡ് വാക്സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി