ന്യൂഡെൽഹി: രാജ്യത്ത് 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങി ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളിൽ വർധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു രാജ്യത്ത് റിപ്പോർട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,752 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.
പ്രതിദിനം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. 8,623 പേർക്കാണ് ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ 3,792 പേർക്കും പഞ്ചാബിൽ 593 പേർക്കും കോവിഡ് റിപ്പോർട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ 486 കേസുകളും കർണാടകയിൽ 523 കേസുകളും ഗുജറാത്തിൽ 451 കേസുകളുമാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടത്.
അതേസമയം കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾ കർശനമായ ജാഗ്രത പാലിക്കണമെന്നും കൂട്ടായ കഠിനാധ്വാനത്തിലൂടെ നേരത്തെ കരസ്ഥമാക്കിയ നേട്ടങ്ങൾ ഇപ്പോൾ ഇല്ലാതാക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 113 മരണങ്ങളാണ്. 11,718 പേർ രോഗമുക്തി നേടുകയും ചെയ്തു. 1.07 കോടി പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്.
Read Also: 20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം