തിരുവനന്തപുരം: സംയുക്ത പണിമുടക്കിനെ തുടർന്ന് മാറ്റിവെച്ച സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ മാർച്ച് 15ന് നടക്കും. കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
മിക്ക കോളേജുകളിലും സിലബസ് പൂർത്തിയാക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ എംബിഎ ഒഴികെയുള്ള ഒന്നാം സെമസ്റ്റർ പിജി പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററൽ എൻട്രി വിദ്യാർഥികളുടെ അഭ്യർഥനകൾ പരിഗണിച്ച് മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളും ഒന്നാം സെമസ്റ്റർ പിജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
പുനഃക്രമീകരിച്ച പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അതേസമയം, ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റിനായി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മാർച്ച് 8 മുതൽ ഈ സേവനം ലഭ്യമാകും. ട്രാൻസ്ക്രിപ്റ്റുകൾ അയക്കേണ്ട വിലാസം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
വെസ് (കാനഡ) മുഖേന യോഗ്യത നിർണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പോർട്ടൽ വഴി ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റിന് അപേക്ഷിക്കാവുന്നതാണ്. വെസുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്റുകൾക്ക് soexam@ktu.edu.in എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയക്കാം.
Also Read: നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍





































