തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍. 50 ശതമാനം അധ്യാപകര്‍ക്കും സംശയ നിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആഴ്ചയില്‍ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
9 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും. ക്ലാസുകള്‍ തുടങ്ങുന്നതില്‍ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടര്‍ നടപടികള്‍. സാഹചര്യമനുസരിച്ച് ഓരോ സ്കൂളുകള്‍ക്കും തീരുമാനമെടുക്കാം. കുട്ടികളെ നിര്‍ബന്ധിച്ച് സ്കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്കൂളുകളിലേക്ക് എത്താന്‍ വാഹനസൗകര്യമില്ലാത്തത് ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കിയേക്കും.