ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ സിലിണ്ടർ തുറന്നപ്പോൾ പൊട്ടി തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ശബ്ദം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണു കിടക്കുകയായിരുന്നു ഗബ്രിയേൽ. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മോശമായതിനാൽ മംഗളൂരു ഫാദേഴ്സ് മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
പൊട്ടിത്തെറിയിൽ ഗബ്രിയേലിന്റെ വീട്ടിലെ കോൺക്രീറ്റ് സ്ളാബിനും ഭിത്തിക്കും വിള്ളൽ വീണു. ഷീറ്റ് പാകിയ സിറ്റൗട്ട് ഭാഗികമായി തകർന്നു. ഭാര്യയും മകനും പുറത്തുപോയ സമയത്തായിരുന്നു അപകടം.