വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

വഞ്ചനാ കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്‌റ്റിന്റെ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതാണ് ഭേദഗതി. ട്രസ്‌റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടവർക്കും ഭേദഗതി ബാധകമാണ്. കേസുകളിൽ കുറ്റവിമുക്‌തരാകും വരെ ട്രസ്‌റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

By Trainee Reporter, Malabar News
amendment in the bylaws of SN Trust
Ajwa Travels

കൊച്ചി: എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതിയുമായി ഹൈക്കോടതി. വഞ്ചനാ കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്‌റ്റിന്റെ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതാണ് ഭേദഗതി. ട്രസ്‌റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടവർക്കും ഭേദഗതി ബാധകമാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് വിധി തിരിച്ചടിയാകും.

കേസുകളിൽ കുറ്റവിമുക്‌തരാകും വരെ ട്രസ്‌റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മുൻ ട്രസ്‌റ്റ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ട്രസ്‌റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വേണമെന്നായിരുന്നു ഹരജി. കേസിൽ ബൈലോ പരിഷ്‌കരണത്തിനായാണ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ ഹൈക്കോടതി വരുത്തിയ ഭേദഗതിയിൽ പ്രതികരണവുമായി എസ്എൻ ട്രസ്‌റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ കേസിൽ പ്രതിയല്ലെന്നും വിചാരണ നടത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

14 വർഷം മുൻപ് എസ്എൻ ട്രസ്‌റ്റിന്റെ എക്‌സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട് തള്ളി. പിന്നീട് പുനരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതിചേർത്തിട്ടില്ല. എന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കണം. അതിന് വേണ്ടി എന്നെ പ്രതിയാക്കാനാണ് ശ്രമം. കേസ് എന്നെ മാത്രമല്ല, എല്ലാ ട്രസ്‌റ്റുകളെയും ബാധിക്കും. കുറ്റക്കാരായി ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന കാലമാണ്. ഇവിടെ താൻ കുറ്റക്കാരനല്ല, പ്രതി ചേർത്തിട്ടില്ല, ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ല”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കുറ്റപത്രം കൊടുത്ത് ജില്ലാ കോടതിയിൽ നിന്ന് വിധി നടപ്പാക്കണം. എന്നാൽ മാത്രമേ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനാവൂ എന്നാണ് ഹൈക്കോടതി എസ്എൻ ട്രസ്‌റ്റിന്റെ ബൈലോയിൽ വരുത്തിയിരിക്കുന്ന ഭേദഗതിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻ ട്രസ്‌റ്റിൽ തനിക്ക് കഷ്‌ടിച്ചു നാലഞ്ചു മാസമേ ഇനി ഭാരവാഹിയായി തുടരാൻ സമയമുള്ളൂവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ജില്ലാ കോടതിയിലെ കേസ് തീരാൻ എത്ര സമയം എടുക്കും? എന്നെ ഒഴിവാക്കാൻ വേണ്ടി ചിലർ കൊടുത്ത ഹരജിയാണിത്. വർഷങ്ങളായി നടത്തുന്ന ശ്രമമാണിത്. ക്രിമിനൽ കേസിൽ പെടുത്തിയും സ്വകാര്യ അന്യായ ഹരജി നൽകിയും തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. താനിനി എസ്എൻ ട്രസ്‌റ്റിൽ അംഗം ആകരുതെന്ന് ആഗ്രഹിക്കുന്ന, ഈ സീറ്റ് പ്രേമിക്കുന്ന ചില പ്രേമൻമാർ ഇതിന് പിന്നിലുണ്ട്. ജനകോടതിയിൽ തന്നെ ഒതുക്കാൻ സാധിക്കില്ല. ഒന്നും രണ്ടും വർഷമല്ല. ഇതുവരെ തനിക്കൊരു നോട്ടീസും നൽകിയിട്ടില്ല. ഹൈക്കോടതി വിധി പൊതുവായുള്ളതാണ്. അത് നല്ല കാര്യം തന്നെയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Most Read: ഭീകരാക്രമണ സാധ്യത; ജമ്മു കശ്‌മീരിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE