കോഴിക്കോട്: ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സംസ്‌ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ”മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല. ഒരു സമുദായത്തിന് മാത്രമായി മതതീവ്ര വാദികളെ എതിർക്കാനിവില്ലെന്നും” മുഖ്യമന്ത്രി പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി അടക്കം വേദിയിൽ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രി ലീഗ് നേതാക്കളെ പരസ്യമായി വിമർശിച്ചത്. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും മുഖ്യമന്ത്രി മുജാഹിദ് സമാപന സമ്മേളനം ഉൽഘാടനം ചെയ്യവേ പറഞ്ഞു. കഴിഞ്ഞ ദിവസം പികെ ബഷീർ, പികെ ഫിറോസ് എന്നിവർ മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ വേദിയിൽ മുഖ്യമന്ത്രിയുടെയും പ്രതികരണം.
സംഘപരിവാറിനെ ചെറുക്കുന്നതിൽ സിപിഐഎം പിന്നോട്ട് പോയി എന്നായിരുന്നു കെഎൻഎം വേദിയിൽ പികെ ഫിറോസും പികെ ബഷീറും വിമർശനം ഉന്നയിച്ചത്. ഇതിന് എതിരേയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. ”ബംഗാളിൽ 34 വർഷം ഭരിച്ച തന്റെ പാർട്ടി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് തനിക്കറിയാം. എന്നാൽ, അത് മുജാഹിദ് വേദിയിൽ അല്ല പറയേണ്ടത്. തീവ്രവാദ ശക്‌തികൾക്ക് എതിരെ ഒരുമിച്ചു പോരാടുകയാണ് വേണ്ടത്. ഒറ്റക്ക് തീവ്രവാദ ശക്‌തികളെ എതിർക്കാൻ ശ്രമിക്കുന്നത് ഓങ്ങിവരുന്ന മഴുവിന് മുന്നിൽ കഴുത്തു കാണിക്കുന്നത് പോലെയാണെന്നും” മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വൻതോതിൽ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വർഗീയതയോട് വിട്ടുവീഴ്‌ച ഇല്ലാത്ത സമീപനം സ്വീകരിക്കണം. ഒട്ടനവധി സ്‌ത്രീ ജനങ്ങൾ ഉൾപ്പടെ നിരവധി പേരുടെ ത്യാഗോജ്വലമായ പരിശ്രമങ്ങളാണ് ഈ നാടിനെയും നവോത്‌ഥാന പ്രവർത്തനങ്ങളെയും പുരോഗതിയിലേക്ക് നയിച്ചതെന്നും മുജാഹിദ് പത്താം സംസ്‌ഥാന സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
ഏത് തരത്തിലുള്ള വർഗീയതയും ആപത്താണ്. ആർഎസ്എസ്, സംഘപരിവാർ സംഘടനകൾ എല്ലാ അർഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ കേരളത്തിന് സാധ്യമായി. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടൂയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ലൈംഗികാതിക്രമ പരാതി; ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു