കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു. മൂന്നാം പ്ളാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്‌തിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. ഒരു ബോഗി പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
രാത്രി 11 മണിയോടെയാണ് ട്രെയിൻ സ്‌റ്റേഷനിൽ നിർത്തിയിട്ടത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാടുകൾ ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അതേസമയം, തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അധികൃതർ വ്യക്‌തമാക്കി.
തീയിട്ട കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ കാനുമായി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിനാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചക്ക് ഇന്റർസിറ്റി എക്‌സ്‌പ്രസ് ആയി സർവീസ് നടത്തേണ്ട ട്രെയിനായിരുന്നു ഇത്.
Most Read: പാർലമെന്റ് ഉൽഘാടനത്തെ കോൺഗ്രസ് രാഷ്‌ട്രീയ വൽക്കരിച്ചു; പ്രധാനമന്ത്രി