ജയ്‌പൂർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാർലമെന്റ് ഉൽഘാടനത്തെ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും, കോൺഗ്രസ് എല്ലാ ജനവിഭാഗങ്ങളെയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. മോദി സർക്കാർ ഒമ്പത് വർഷം തികയുന്നതിന്റെ ഭാഗമായി രാജസ്‌ഥാനിലെ അജ്‌മീറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ വികാരത്തെയും തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചതായി മോദി ആരോപിച്ചു. ‘രാജ്യം കൈവരിച്ച പുരോഗതി കോൺഗ്രസിന് ദഹിക്കുന്നില്ല. ‘പാവപ്പെട്ടവരുടെ മകൻ’ കോൺഗ്രസ് ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കാത്തതിനാൽ അവർക്ക് ദേഷ്യമാണ്’- പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ അഴിമതിയെയും കുടുംബ രാഷ്‌ട്രീയത്തേയും ചോദ്യം ചെയ്യുന്നതിനാലാണ് അവർ ദേഷ്യപ്പെടുന്നത്. ഭരണകാലത്ത് പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്‌ത നയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഗോത്രവർഗക്കാരിയായ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ഉൽഘാടനത്തിന് ക്ഷണിക്കാതെ സർക്കാർ അപമാനിച്ചുവെന്ന് ആരോപിച്ചു കോൺഗ്രസും മറ്റു 20 പ്രതിപക്ഷ പാർട്ടികളും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം ബഹിഷ്‌കരിച്ചിരുന്നു.
Most Read: ഉപഭോക്‌താക്കൾക്ക് ആശ്വാസം; വൈദ്യുതി സർചാർജ് പിരിവ് ഉടനില്ല