തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാനുള്ള തീരുമാനം ഉടനില്ല. വൈദ്യുതി സർചാർജ് ഉപഭോക്‌താക്കളിൽ നിന്ന് ഉടൻ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ ഈടാക്കാനുള്ള തീരുമാനമാണ് സർക്കാർ താൽക്കാലികമായി വേണ്ടെന്ന് വെച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി സർചാർജ് പിരിക്കാൻ അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമായിരുന്നു മാറ്റം. വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഉപയോക്‌താക്കളിൽ നിന്ന് ഈടാക്കാനായിരുന്നു തീരുമാനം. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനായിരുന്നു പുതിയ നടപടി.
നിലവിൽ, വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചിലവ് സർചാർജായി കെഎസ്‌ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ നാലുമാസം യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ വീണ്ടും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിൽ നിന്നാണ് സർക്കാർ ഇപ്പോൾ താൽക്കാലികമായി പിൻമാറിയിരിക്കുന്നത്.
Most Read: വിദ്യാലയങ്ങൾ നാളെ തുറക്കും; പ്രവേശനോൽസവ ഒരുക്കങ്ങൾ പൂർത്തിയായി