തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ളാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.
ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാ മേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. സര്‍ക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം.
ഇവരെ സര്‍ക്കാര്‍ പ്‌ളീഡര്‍ തസ്‌തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ പിണറായിയുടെ ഭരണത്തില്‍ ആര്‍ക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്‌ഥിതിയാണുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണത്തിന് പിന്നാലെ അഭിഭാഷകയും ഗവണ്‍മെന്റ് പ്‌ളീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രൻ സമൂഹ മാദ്ധ്യമത്തിലൂടെ അദ്ദേഹത്തെ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനാ സങ്കൽപങ്ങൾ മറികടന്നാണ് ബിപിൻ റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫായി നിയമിച്ചതെന്ന് രശ്‌മിത വിമര്‍ശിച്ചു.
കാശ്‌മീരി പൗരനെ മനുഷ്യകവചമായി തന്റെ ജീപ്പിന്റെ മുൻവശത്ത് കെട്ടിയിട്ട വിവാദ സംഭവവും വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്റെ നിലപാടും രശ്‌മിത ഓര്‍ത്തെടുത്തു. പൗരത്വ പ്രക്ഷോഭക്കാർക്ക് എതിരെ ശക്തമായ ഭാഷ അദ്ദേഹം ഉപയോഗിച്ചതായും രശ്‌മിത തന്റെ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചിരുന്നു.
Read Also: റിയാസിനെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്