ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്.
ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍ 300 പോയിന്റിന് മുകളിലാണ് രേഖപ്പെടുത്തിയത്.
ഡെല്‍ഹിയില്‍ ഇന്നലെ ശരാശരി 349 പോയിന്റാണ് സൂചികയില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച 346, വെള്ളിയാഴ്ച 366 എന്നിങ്ങനെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ കണക്കുകള്‍.
മുന്ദ്ക്ക,അനന്ദ് വിഹാര്‍, ജഹാംഗിര്‍പുരി, വിവേക് വിഹാര്‍, ഭവാനാ എന്നിവിടങ്ങളില്‍ ഇന്നലെയും സ്ഥിതി രൂക്ഷമായിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ഇതില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ വിഭാഗം അറിയിക്കുന്നത്.
വായു നിലവാര സൂചിക:
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു. 51 മുതല്‍ 100 വരെ തൃപ്തികരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു.
201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്ഥയും സൂചിപ്പിക്കുന്നു
Read Also: പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത; ഇന്ത്യ എനര്‍ജി ഫോറം ഇന്ന് മുതല്‍