ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ശക്‌തമായ മഴ മൂലം വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിപ്പോവുക, കാറിന്റെ കാലപ്പഴക്കം, അധികം യാത്രക്കാർ തുടങ്ങിയവയാണ് അപകടത്തിന് കാരണമായി പറയുന്നത്.
നിയന്ത്രണം വിട്ട കാർ നനഞ്ഞ റോഡിൽ തേങ്ങി നീങ്ങുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്‌തമാണ്. ഹൈഡ്രോപ്‌ളെയിനിങ് കാരണമായിരിക്കും വാഹനം തെന്നി നീങ്ങിയതെന്നാണ് പോലീസും വ്യക്‌തമാക്കുന്നത്. മഴയത്ത് വാഹനം ഓടിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോപ്‌ളെയിനിങ്.
എന്താണ് ഹൈഡ്രോപ്‌ളെയിനിങ്?
കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്‌ഥയാണ് ഹൈഡ്രോപ്‌ളെയിനിങ്. വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിന് താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്‌പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ ചാലുകളിൽ കൂടി പമ്പ് ചെയ്‌ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോണ്ടാക്‌ട് നിലനിർത്തും.
എന്നാൽ, ടയറിന്റെ വേഗം കൂടുന്തോറും പമ്പ് ചെയ്‌ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ട് തന്നെ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്‌ളെയിനിങ് അഥവാ അക്വാപ്‌ളെയിനിങ്.
റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്‌റ്റിയറിങ്ങിന്റെയും ആക്‌സിലേറ്ററിന്റെയും പ്രവർത്തനം സാധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്ക് നഷ്‌ടമാവുകയും ചെയ്യും. അത് വാഹനം തെന്നിമറയാൻ ഇടയാക്കും. മാത്രമല്ല, തേയ്‌മാനം മൂലം ടയറിന്റെ സ്‌പിൽവേയുടെ കനം കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും ഹൈഡ്രോപ്‌ളെയിനിങ്ങിന് കാരണമാകാം.
ഹൈഡ്രോപ്‌ളെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ
വേഗത (പ്രധാന കാരണം)
ത്രെഡ് ഡിസൈൻ
ടയർ സൈസ് (സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്‌ളെയിനിങ് കുറയ്‌ക്കും)
എയർ പ്രഷർ
ജലപാളിയുടെ കനം
വാഹനത്തിന്റെ തൂക്കം
റോഡ് പ്രതലത്തിന്റെ സ്വഭാവം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൈഡ്രോപ്‌ളെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായാൽ ഡ്രൈവർ ഉടൻ ആക്‌സിലേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്‌റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം മഴയുള്ള സമയങ്ങളിൽ വാഹനത്തിന്റെ വേഗത കുറയ്‌ക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ. കൂടാതെ, തേയ്‌മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ചെയ്യുക.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം