ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇതോടെ കളർകോട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഗുരുതരാവസ്‌ഥയിൽ ആയിരുന്ന ആൽബിനെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വിദഗ്‌ധ ചികിൽസയ്‌ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്‌ക്കും ശ്വാസകോശത്തിനും വൃക്കയ്‌ക്കും ക്ഷതം സംഭവിച്ച ആൽബിന് അടിയന്തിര ശസ്‌ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ആൽബിനെ എറണാകുളത്തേക്ക് മാറ്റിയത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് യുവാവിനെ കൊണ്ടുപോയത്. തിങ്കളാഴ്‌ച 9.20ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടാനത്തെ ഗവ. മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോടക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവൽസന്റെ മകൻ ശ്രീദീപ് വൽസൻ (19), മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്‌ണവത്തിൽ എഎൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്‍ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്‌റാഹിം (19) എന്നിവരാണ് ആദ്യം മരിച്ചത്.
Most Read| രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം