പാലക്കാട്: വസ്‌തുവും വീടും വേണമെന്ന ആവശ്യവുമായി പാലക്കാട് മുതലമട അംബേദ്‌കർ കോളനിയിലെ കുടുംബങ്ങൾ 102 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്.
സ്വന്തമായൊരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി സര്‍ക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തപ്പോഴാണ് അംബേദ്‌കർ കോളനിയിലെ 36 ദളിത് കുടുംബങ്ങൾ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാരിന്റെ ഭവന പദ്ധതികളിൽ നിന്നും ചക്‌ളിയ വിഭാഗക്കാരെ പഞ്ചായത്ത് അധികൃതർ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.
94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും 8 ദിവസമായി പാലക്കാട് കലക്‌ടറേറ്റ് പടിക്കലുമായാണ് സമരം നടത്തിയത്. ജില്ലാഭരണകൂടവും പഞ്ചായത്ത് ഭരണ സമിതിയും നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കലക്‌ടറേറ്റിന് മുന്നിൽ ശയന പ്രദക്ഷിണവും നടത്തിയിരുന്നു. കലക്‌ടറേറ്റിന് മുന്നിൽ കൈക്കുഞ്ഞുങ്ങളുമായാണ് സമരം നടത്തിയത്.
ഇത്തരം സമരമുറകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി മുൻകൈയ്യെടുത്ത് ചര്‍ച്ച നടത്തിയത്. വിഷയത്തിൽ മന്ത്രി കെ രാധാകൃഷ്‌ണനുമായി പാര്‍ട്ടി മുൻകൈയ്യെടുത്ത് ചർച്ച നടത്തുമെന്നും ജില്ലാ സെക്രട്ടറി സമരക്കാർക്ക് ഉറപ്പ് നൽകി. സിപിഎം നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചു. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്‌തമായ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നും സമരസമിതി വ്യക്‌തമാക്കി.
Also Read: സംസ്‌ഥാനത്ത് കോവിഡ് ഉയരുന്നു; 4 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ