അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന സവിശേഷത കൂടി ഇതിനുണ്ട്.
അറബ് ലോകത്തെ ആദ്യ ആണവ പ്‌ളാന്റിൽ നിന്നുള്ള ആദ്യ മെഗാവാട്ട് എന്നാണ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഊർജോൽപാദന രംഗത്ത് സുസ്‌ഥിരത കൈവരിക്കാനുള്ള ചരിത്ര ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പത്ത് വർഷം, രണ്ടായിരം എഞ്ചിനീയർമാരും സ്വദേശി യുവാക്കളും 80 അന്താരാഷ്‌ട്ര പങ്കാളികളുമാണ് ബറക്ക പ്‌ളാന്റിന് പിന്നിൽ പ്രവർത്തിച്ചത്. യുഎഇ ഉപസർവ സൈന്യാധിപനും അബുദാബി കിരീടാവാകാശിയുമായി ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബറക ആണവ പ്‌ളാന്റിന്റെ രണ്ടാമത്തെ യൂണിറ്റിന് ആണവോർജ ഫെഡറൽ അതോറിറ്റി പ്രവർത്താനുമതി നൽകി ഒരുമാസം തികയുന്നതിന് മുമ്പാണ് ഇവിടെ വാണിജ്യ അടിസ്‌ഥാനത്തിൽ ഉൽപാദനത്തിന് തുടക്കം കുറിച്ചത്.
Also Read: മൊയീൻ അലിയെ അധിക്ഷേപിച്ച് ട്വീറ്റ്; തസ്‌ലീമ നസ്‌റിനെതിരെ ജോഫ്ര ആർച്ചർ