ധാക്ക: ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിയെ അധിക്ഷേപിച്ചുള്ള ബംഗ്‌ളാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു. ‘ക്രിക്കറ്റ് താരം അല്ലായിരുന്നെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമയുടെ ട്വീറ്റ്. എന്നാൽ, സംഭവം വിവാദമായതോടെ അലിയെ കുറിച്ചുള്ള ട്വീറ്റ് വെറും തമാശയാണെന്ന് ആയിരുന്നു തസ്‌ലീമയുടെ വിശദീകരണം. ഇതിനെതിരെ മൊയീന്റെ സഹതാരം ജോഫ്ര ആർച്ചറും രംഗത്തെത്തി.
‘തമാശയായിരുന്നോ, ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് തന്നെ ചിരി വരുന്നില്ല. ഏറ്റവും കുറഞ്ഞത് നിങ്ങൾ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയെങ്കിലും വേണമായിരുന്നു’- ആർച്ചർ മറുപടി പറഞ്ഞു. ‘മൊയീൻ അലിയെ കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്‌ലാമിസ്‌റ്റുകളെ പിന്തുണക്കുന്നതാണ്’- തസ്‌ലീമ വിശദീകരിച്ചു.
അതേസമയം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനൊരുങ്ങുന്ന മൊയീന്‍ അലി തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം എന്ന് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് സിഎസ്‌കെ അധികൃതർ രംഗത്തെ. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൊയീന്‍ അലി ആവശ്യം ഉന്നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.
Also Read: അച്ഛനെ വിട്ടയക്കണം; മാവോയിസ്‌റ്റുകളോട് അഭ്യർഥിച്ച് അഞ്ചുവയസുകാരി