നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും

By News Desk, Malabar News
meta_facebook
Ajwa Travels

അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ നാം നിരന്തരം കാണാറുള്ളതാണ്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറുന്നത് മൂലവും ശത്രുതയും ദേഷ്യവും കാരണം ആളുകൾ ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യനിമിഷങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കാറുണ്ട്. ഇത്തരം ഭീഷണികളെ പലരും നേരിടുന്നത് ആത്‍മഹത്യകളിലൂടെയും മറ്റുമാണ്. എന്നാൽ, ഇപ്പോൾ ഇത്തരം ആത്‌മഹത്യാ പ്രവണതകൾ കുറഞ്ഞുവരികയാണ്.

ഈ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യയിൽ ഒരു പുതിയ പ്‌ളാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്‌ബുക്കിന്റെയും ഇൻസ്‌റ്റഗ്രാമിന്റെയും മാതൃസ്‌ഥാപനമായ മെറ്റാ. StopNCII.org എന്നാണ് ഇതിന്റെ പേര്. യുകെ ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ‘റിവഞ്ച് പോൺ ഹെൽപ്‌ ലൈനുമായി’ സഹകരിച്ചാണ് ഈ പ്‌ളാറ്റ്‌ഫോമിന്റെ പ്രവർത്തനം. റിവഞ്ച് പോൺ ഭീഷണി നേരിടുന്ന സ്വകാര്യ ദൃശ്യങ്ങളും ഇൻസ്‌റ്റഗ്രാമിലും ഫേസ്‌ബുക്കിലും പങ്കുവെക്കാൻ ഇടയുണ്ടെന്ന് ആശങ്കയുള്ള സ്‌ത്രീകൾക്ക് സഹായം തേടാവുന്നതാണ്.

പ്രവർത്തനം ഇങ്ങനെ

റിവഞ്ച് പോൺ ഭീഷണി നേരിടുന്നവർക്ക് തങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ ഹാഷുകൾ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്യാം. അൽഗോരിതം ഉപയോഗിച്ചാണ് ചിത്രങ്ങളുടെ ഹാഷ് വാല്യൂ നിർമിക്കുന്നത്. ചിത്രത്തിന്റെ പകർപ്പുകൾക്കെല്ലാം ഒരേ ഹാഷ് വാല്യൂ ആയിരിക്കും. ഒരു ഡിജിറ്റൽ ഫിംഗർ പ്രിന്റ് എന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.

പുറത്തുവരാനിടയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യൂ ആണ് StopNCII.orgൽ അപ്‍ലോഡ് ചെയ്യുക. പിന്നീട് ആരെങ്കിലും ആ ചിത്രങ്ങൾ ഫേസ്‌ബുക്കിലോ ഇൻസ്‌റ്റഗ്രാമിലോ അപ്‍ലോഡ് ചെയ്യുമ്പോൾ ഹാഷ് വാല്യൂ ഉപയോഗിച്ച് അവ തിരിച്ചറിയുകയും കമ്പനിയുടെ കണ്ടന്റ് പോളിസി ചൂണ്ടിക്കാട്ടി അവ അപ്‍ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും.

ചിത്രങ്ങളും വീഡിയോകളും StopNCII.orgൽ അപ്‍ലോഡ് ചെയ്യുമ്പോൾ ഉപഭോക്‌താവിന്റെ യഥാർഥ ചിത്രങ്ങൾ ആയിരിക്കില്ല അപ്‍ലോഡ് ചെയ്യപ്പെടുക. പകരം അവയുടെ ഹാഷ് ആയിരിക്കും. ഈ ചിത്രങ്ങൾ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ആയിരിക്കണമെന്ന് StopNCII.org വ്യക്‌തമായി പ്രസ്‌താവിക്കുന്നുണ്ട്. അതായത് അവ ഇര നഗ്‌നരായിരിക്കുന്നതോ അവരുടെ ജനനേന്ദ്രിയങ്ങൾ കാണിക്കുന്നതോ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ആയ ചിത്രങ്ങളും വീഡിയോകളും ആയിരിക്കണം.

എന്താണ് ഹാഷ്?

സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി സാധാരണ ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹാഷ്. ചിത്രങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഹാഷ് ഉപയോഗിച്ച് ചിത്രങ്ങൾ തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇരയായ വ്യക്‌തി ഈ വിഷയത്തിൽ നിരന്തര പരിശോധന നടത്തുകയും മാറ്റങ്ങൾ വരുത്തിയ ചിത്രങ്ങൾ ശ്രദ്ധയിൽപെട്ടാൽ അവ ഉടൻ തന്നെ ഹാഷ് ആക്കി മാറ്റി അപ്‍ലോഡ് ചെയ്യുകയും വേണം.

ഫേസ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലുമുള്ള ഉള്ളടക്കങ്ങൾ മാത്രമേ ഇത്തരത്തിൽ പരിശോധിക്കാനാകൂ. നിലവിൽ StopNCII.org ഫേസ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും മാത്രമാണ് ലഭ്യമാകുക. വൈകാതെ മറ്റ് സേവനങ്ങളും ഈ പ്‌ളാറ്റ്‌ഫോമിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. കാരണം, എല്ലാ റിവഞ്ച് പോൺ ഉള്ളടക്കവും ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളിൽ മാത്രമേ പങ്കുവെക്കപ്പെടുകയുള്ളൂ എന്ന് പറയാനാകില്ല.

18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താനാകൂ. ചൈൽഡ് പോണോഗ്രഫി ഇരകൾ ഈ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കരുത്. അവർ അംഗീകൃത എൻജിഒകളുടെ സഹായത്തോടെയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

Also Read: മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE