നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും

By Staff Reporter, Malabar News
MALABARNEWS-VOTERSLIST
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും പൊതുജനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പട്ടികയും വ്യത്യസ്‍തമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ പേരുള്ളതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടികയില്‍ പേരുണ്ടായിരിക്കണം എന്നില്ല.

www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേന പട്ടിക പരിശോധിക്കാം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണത്തോട് കൂടി സംക്ഷിപ്‌ത വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിക്കും. 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവകാശമുണ്ട്.

നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നവംബര്‍ 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. നിർദിഷ്‌ട വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ എന്നിവ അപേക്ഷാ സമയത്ത് സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ് ചെയ്യണം.

കരട് പട്ടികയില്‍ നിലവില്‍ വോട്ടറായ കുടുംബാംഗത്തിന്റേയോ അതേ ബൂത്തില്‍ തന്നെ താമസമുള്ള തൊട്ടടുത്ത അയല്‍വാസിയുടേയോ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ അപേക്ഷയോടൊപ്പം നല്‍കണം. ഡിസംബര്‍ 15 വരെ ഇപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകളില്‍ നടപടി സ്വീകരിച്ച ശേഷം 2021 ജനുവരി 15ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1950ല്‍ വിളിക്കുകയോ താലൂക്ക് ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടുകയോ ചെയ്യാം. voter helpline എന്ന മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങളറിയാം.

Read Also: മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്‌ച മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE