തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് ആദരമർപ്പിച്ച് നിയമസഭ. സജീവവും ചടുലവുമായി ഇടപെട്ട് സ്വന്തമായി നിലപാടുകൾ ഉണ്ടായിരുന്ന നേതാവായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലപാടുകളിൽ അദ്ദേഹം വിട്ടുവീഴ്‌ച ചെയ്‌തില്ല. ചില നിലപാടുകൾ വ്യക്‌തിനിഷ്‌ഠമായിരുന്നു. ഇത് അദ്ദേഹത്തിന്റെ പാർട്ടിയിൽ പോലും വ്യത്യസ്‌തനാക്കി.
പിടിയെ നഷ്‌ടപ്പെട്ടത് ദുഃഖകരമാണ്. കേട്ടില്ല എന്ന് ആർക്കും നടിക്കാൻ കഴിയാത്ത ശബ്‌ദമായിരുന്നു പിടിയുടേതെന്നും മുഖ്യമന്ത്രി സഭയിൽ അനുസ്‌മരിച്ചു. ജാഗ്രതയോടും ശക്‌തമായും ഇടപെട്ട സാമാജികനായിരുന്നു പിടി തോമസെന്ന് സ്‌പീക്കർ അഭിപ്രായപ്പെട്ടു.
പിടിയുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിദ്യാർഥി യുവജന രാഷ്‌ട്രീയത്തിലെ അഗ്‌നി അദ്ദേഹം അവസാനം വരെ കെടാതെ സൂക്ഷിച്ചു. പരിസ്‌ഥിതി നിലപാടുകൾ പല പ്രയാസങ്ങളും നേരിട്ടെങ്കിലും പിന്നോട്ടുപോയില്ല. പിടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനയായി നിന്നു. ജാതി മത ചിന്തകൾക്ക് അതീതനായിരുന്നു അദ്ദേഹം. വരും നാളുകളിൽ പിടിയുടെ ഓർമകൾ വഴിയിലെ പ്രകാശമായിരിക്കുമെന്നും സതീശൻ അനുസ്‌മരിച്ചു.
Also Read: സിപിഎം പ്രവർത്തകന്റെ കൊലപാതകം: അന്വേഷണം ഊർജിതം, സുരക്ഷ ശക്‌തം; കമ്മീഷണർ