കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമെന്ന് സിറ്റി പോലീസ് കമ്മീഷണർ. അക്രമം നടന്ന സ്‌ഥലത്തും പ്രദേശത്തുമായി കൂടുതൽ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊലക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ച സാഹചര്യത്തിൽ കൂടുതൽ അക്രമം ഉണ്ടാകാനുള്ള സാധ്യത പോലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അതീവ ജാഗ്രതയിലാണ്.
പുലർച്ചെ രണ്ടുമണിയോടെ ആണ് സിപിഎം പ്രവർത്തകനും മൽസ്യ തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ഹരിദാസനെ ആക്രമിച്ചത്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. ബഹളം കേട്ട് ഹരിദാസന്റെ ബന്ധുക്കളും സ്‌ഥലത്തെത്തിയിരുന്നു. ഇവരുടെ മുന്നിൽ വെച്ചായിരുന്നു അരുംകൊല.
തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരൻ സൂരജിനും വെട്ടേറ്റു. ഹരിദാസനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢനീക്കമാണിത്. സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ ദിനത്തില്‍ തന്നെ കൊല നടത്തിയത് യാദൃശ്‌ചികമല്ല.
ആര്‍എസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. ഇവിടെ സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും, നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് മനപ്പൂർവം ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.
Most Read: കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി സാധ്യമല്ല, കെസിആറിന് നയിക്കാനുള്ള കഴിവുണ്ട്; സഞ്‌ജയ് റാവത്ത്